മുളന്തുരുത്തി യാക്കോബായ പള്ളി ഏറ്റെടുക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചു. ഗേറ്റ് പൊളിച്ച് അകത്ത് കയറിയ പൊലീസ് വിശ്വാസികളെ അറസ്റ്റ് ചെയ്തു നീക്കുന്നു

സഭാതര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി യാക്കോബായ പള്ളി ഏറ്റെടുക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചു. ഗേറ്റ് പൊളിച്ച് അകത്ത് കയറിയ പൊലീസ് വിശ്വാസികളെ അറസ്റ്റ് ചെയ്തു നീക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. പള്ളിക്കകത്ത് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.ഉപവാസ പ്രാര്‍ഥനായജ്ഞം തുടരുന്ന യാക്കോബായ സഭാംഗങ്ങളെ അറസ്റ്റുചെയ്തു നീക്കി കൊണ്ടിരിക്കുന്നത്. ചര്‍ച്ച നടക്കുന്നതിനിടെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പോലീസ് നടപടിയിൽ പരുക്കുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പ്രതിഷേധത്തിന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് ആണ് നേതൃത്വം നല്‍കുന്നത്. ഹൃദ്രോഗിയായ മാര്‍ പോളികാര്‍പോസിനെ പോലീസ് മര്‍ദിച്ചെന്ന് വിശ്വാസികൾ ആരോപിക്കുന്നുണ്ട്. ഐസക് മാര്‍ ഒസ്താത്തിയോസിനെ വലിച്ചിഴച്ചെന്ന് കുര്യാക്കോസ് മാര്‍ തെയോഫിലോസ് ആരോപിച്ചിട്ടുണ്ട്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പള്ളി ഏറ്റെടുക്കാന്‍ നേരത്തെ പൊലീസ് എത്തിയിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടിവന്നു. ഓര്‍ത്തഡോക്സ് സഭ തുടര്‍ന്ന് വീണ്ടും കോടതിയെ സമീപിച്ചു. എത്രയും പെട്ടെന്ന് പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും, സംഘർഷ സാധ്യത കണക്കിലെടുത്ത് സർക്കാർ നടപടികൾ നീട്ടികൊണ്ടുപോവുകയായിരുന്നു.തുടർന്നാണ് സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ കേന്ദ്ര സേനയുടെ സഹായം തേടുന്നത് സംബന്ധിച്ചു ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം ആരായുന്നത്.
വിധി നടപ്പിലാക്കാൻ ആവുന്നില്ലെങ്കിൽ കേന്ദ്ര സേന ഇടപെട്ടു വിധി നടപ്പിലാക്കുന്നത് സർക്കാർ നോക്കിനിന്നു കണ്ടാൽ മതിയെന്നും ഹൈക്കോടതി പറഞ്ഞിരുന്നതാണ്. തുടര്‍ന്നാണ് പൊലീസ് തിങ്കളാഴ്ച രാവിലെ പള്ളിയിലെത്തിയത്. കോടതി നല്‍കിയ സമയം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ജില്ലാഭരണകൂടം പള്ളി ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയിരിക്കുന്നത്.
തർക്കം നിലനിന്നിരുന്ന എറണാകുളം മുളന്തുരുത്തി പള്ളി കേസിൽ കഴിഞ്ഞ വർഷമാണ് ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധി വരുന്നത്. 1934 ഭരണഘടന പ്രകാരം പള്ളി ഭരിക്കണമെന്ന് പള്ളിക്കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിടുകയായിരുന്നു.
പളളിയുടെ 67ലെ ഭരണഘടന ഇതോടെ കോടതി അസാധുവാക്കി. 1967 മുതൽ സ്വന്തം ഭരണഘടന പ്രകാരമാണ് മുളന്തുരുത്തി പള്ളി ഭരിച്ചിരുന്നത്. നിലവിൽ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ആഗോള സുറിയാനി സഭ പരിശുദ്ധനായ പ്രഖ്യാപിച്ച പരുമല തിരുമേനിയുടെ ഇടവകയായിരുന്നു മുളന്തുരുത്തി പള്ളി.