പഞ്ചാബ് കോണ്‍ഗ്രസിലെ പൊട്ടിത്തെറി മറനീക്കുന്നു

അമൃത്സര്‍: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് കോണ്‍ഗ്രസിലെ പൊട്ടിത്തെറി മറനീക്കി വെളിച്ചത്തേക്ക്. മന്ത്രി റാണ ഗുര്‍ജിത് സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. സുല്‍ത്താന്‍പുര്‍ ലോധിയില് മന്ത്രിയുടെ മകന് റാണാ ഇന്ദര്‍ പര്‍താപ് സിംഗ് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ നടപടി വേണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം.
മണല്‍ ഖനന അഴിമതിയില്‍ പങ്കുള്ളയാളാണ് മന്ത്രി റാണ ഗുര്ജിതെന്നും അദ്ദേഹം മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ വിജയസാധ്യതയെ ബാധിക്കുമെന്നും എംഎല്‍എമാര്‍ പറയുന്നു. അതേസമയം, പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും ദേശീയ നേതൃത്വത്തിന് ഉണ്ടാക്കുന്ന തലവേദനകള്‍ക്ക് പുറമെയാണിത്.
ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനോട് അടുപ്പമുള്ളവര്‍ അദ്ദേഹത്തിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും ചേക്കേറിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല ആം ആദ്മിയും പരമാവധി കോണ്‍ഗ്രസുകാരെ തങ്ങളിലേക്കെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതെല്ലാം ബാധിക്കുന്നത് കോണ്‍ഗ്രസിന്റെ തുടര്‍ഭരണമെന്ന ദിവാസ്വപ്നത്തിനെയാണ്.