സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നക്ക്,ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് ഐ.ടി ഉദ്യോഗസ്ഥൻ അരുണ്‍ ബാലചന്ദ്രന്‍.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിന്റെ മറവിൽ നടന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നക്ക് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണെന്ന് ഐ.ടി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
സെക്രട്ടേറിയറ്റിന് അടുത്താണ് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത്. ജയശങ്കര്‍ എന്ന സുഹൃത്തിന് വേണ്ടിയാണ് ഫ്‌ളാറ്റെന്നാണ് എം.ശിവശങ്കര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്ന അരുണ്‍ ബാലചന്ദ്രന്‍ വെളിപ്പെടുത്തിയിരിക്കുന്നു.
സെക്രട്ടേറിയറ്റിന് സമീപത്ത് എം ശിവശങ്കര്‍ താമസിക്കുന്ന അതേ ഫ്‌ളാറ്റിലാണ് മുറി ബുക്ക് ചെയ്തത്. ദിവസ വാടകക്ക് റൂം ബുക്ക് ചെയ്യാന്‍ കഴിയുന്ന കെട്ടിട സമുച്ഛയത്തില്‍ കെയര്‍ ടേക്കറോട് സംസാരിച്ച് വാടക നിരക്ക് കുറച്ച് നല്‍കിയെന്നും അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു.
വാട്‌സ്ആപ്പ് വഴിയാണ് എം ശിവശങ്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്നും അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു.
ഐ.ടി വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥനായ അരുണ്‍ ബാലചന്ദ്രന്‍, ഹൈ പവ്വര്‍ ഡിജിറ്റല്‍ അഡൈ്വസറി കമ്മിറ്റിയുടെ മാര്‍ക്കറ്റിംഗ് ആന്റ് ഓപ്പറേഷന്‍സ് ഡയറക്ടറും മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്നു. അതേസമയം സ്വര്‍ണക്കടത്തിലെ പ്രതികളായ സ്വപ്‌ന സന്ദീപ് സരിത്ത് എന്നിവരുമായി തനിക്ക് അടുപ്പമുണ്ടെന്ന് എം. ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോട് സമ്മതിച്ചിരിക്കുകയാണ്. സ്വപ്‌ന അടുത്ത സുഹൃത്താണെന്നും ഔദ്യോഗിക പരിചയമാണ് സൗഹൃദത്തിലേക്ക് മാറിയതെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്.