
തിരുവനന്തപുരം: ആര്‍എസ്എസും ബിജെപിയും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സംരക്ഷകരായി രംഗത്തുവരുന്ന സാഹചര്യത്തില്‍, കുറുക്കനൊരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ന്യൂനപക്ഷങ്ങള്‍ക്കറിയാമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേന്ദ്രമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തെക്കുറിച്ചും, റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചാല്‍ ബിജെപിയ്ക്ക് വോട്ട് നല്‍കാമെന്നുള്ള തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയെക്കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
‘ആര്‍എസ്എസിന്റേയും അമിത് ഷായുടേയും പ്രാമാണിക ഗ്രന്ഥമായ വിചാരധാരയിലെ 19, 20, 21 അധ്യായങ്ങള്‍ ഇന്ത്യയുടെ അഥവാ ഹിന്ദുരാഷ്ട്രത്തിന്റെ ആന്തരികഭീഷണിയെ കുറിച്ചാണ്. 19 -ാമത്തെ അധ്യായം ആന്തരികഭീഷണി-1 മുസ്ലിങ്ങള്‍, 20 -ാമത്തെ അധ്യായം ആന്തരികഭീഷണി-2 ക്രിസ്ത്യാനികള്‍, 21 -ാമത്തെ അധ്യായം ആന്തരികഭീഷണി-3 കമ്യൂണിസ്റ്റുകാര്‍ എന്നിങ്ങനെയാണ്. ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ എഴുതിവെച്ചത് വെള്ളപൂശാന്‍ ഇപ്പോള്‍ ആരെങ്കിലും ശ്രമിച്ചാല്‍ നടക്കണമെന്നില്ല. പുള്ളിപ്പുലിയുടെ പുള്ളി ഇവരാരും എത്ര ഉരച്ചാലും, തേച്ചുകഴുകിയാലും മാഞ്ഞുപോകില്ല എന്നത് ജനങ്ങള്‍ക്കറിയാം, ന്യൂനപക്ഷങ്ങള്‍ക്കറിയാം’, ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തെ പരാമര്‍ശിച്ച് എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.
Post Your Comments