അറുപതാം വയസിലും അംബരചുംബികള്‍ കിഴടക്കി ഫ്രഞ്ച് സ്‌പൈഡര്‍
NewsWorldVideo

അറുപതാം വയസിലും അംബരചുംബികള്‍ കിഴടക്കി ഫ്രഞ്ച് സ്‌പൈഡര്‍

60 വയസ് എന്നത് ഒരു പ്രായമല്ലെന്ന് എനിക്ക് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രഖ്യാപിച്ച് 48 നിലയുള്ള കെട്ടിടം കീഴടക്കിയാണ് ഫ്രഞ്ച് സ്‌പൈഡര്‍ എന്ന് അറിയപ്പെടുന്ന അലൈന്‍ റോബര്‍ട്ട് തന്റെ 60ാം ജന്മദിനം ആഘോഷിച്ചത്. വെറും 60 മിനിറ്റ് കൊണ്ടാണ് അദ്ദേഹം ആ ബഹുനില കെട്ടിടത്തിന്റെ മുകളിലെത്തിയത്. കയറോ അത് പോലുള്ള യാതൊരു വസ്തുവും ഉപയോഗിക്കാതെ കെട്ടിടം കീഴടക്കിയ ഫ്രഞ്ച് സ്‌പൈഡര്‍മാന്റെ പ്രകടനം നെഞ്ചിടിപ്പോടെയാണ് കാണികള്‍ കണ്ട് നിന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ കെട്ടിടം ഫ്രഞ്ച് സ്‌പൈഡര്‍ കീഴടക്കിയിരുന്നു. ഫ്രാന്‍സില്‍ 60 വയലസിലാണ് റിട്ടയര്‍മെന്റ് എന്നതിനാല്‍ തന്റെ 60ാം വയസില്‍ ഈ കെട്ടിടം കീഴടക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ശപഥവും ചെയ്തിരുന്നു. എന്നാല്‍ മുകളിലെത്തിയ നമ്മുടെ സ്‌പൈറെ പോലീസുകാര്‍ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഏതു കെട്ടിടത്തിന്റെ മുകളിലും വലിഞ്ഞുകയറുന്നതിനാല്‍ ഫ്രഞ്ച് സ്‌പൈഡര്‍ എന്ന പേരിലാണ് ലോകമെമ്പാടും അദ്ദേഹം അറിയപ്പെടുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ഈഫിള്‍ ടവറുമുള്‍പ്പെടെ 150 ല്‍ അധികം കെട്ടിടങ്ങള്‍ അദ്ദേഹം തന്റെ കാല്‍ ചുവട്ടിലാക്കിയിട്ടുണ്ട്. 1977ലാണ് ഫ്രഞ്ച് സ്‌പൈഡര്‍ കെട്ടിടാരോഹനം ആരംഭിക്കുന്നത്. 1962 ആഗസ്റ്റ് ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. ബന്ധപ്പെട്ടവരുടെ അനുവാദം വാങ്ങുകയോ അവരെ മുന്‍കൂട്ടി അറിയിക്കുകയോ ചെയ്യാതെയാണ് ആശാന്റെ പ്രകടനം. അതിനാല്‍ തന്നെ നിരവധി തവണ അദ്ദേഹം അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഏഴ് തവണ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ഇദ്ദേഹത്തിന് അപകടവും പറ്റിയിട്ടുണ്ട്.

മാര്‍വല്‍ കോമിക്‌സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്‌പൈഡര്‍മാന്‍. സ്റ്റാന്‍ ലീ, സ്റ്റീവ് ഡിറ്റ്‌കോ എന്നിവര്‍ ചേര്‍ന്നാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. ചിലന്തിയുടെ കടിയേല്‍ക്കുന്നതോടെ ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പീറ്റര്‍ പാര്‍ക്കര്‍ക്കറിന് ചിലന്തിയോട് സമാനമായ ചില അമാനുഷിക ശക്തികള്‍ ലഭിക്കും. തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് സ്‌പൈര്‍മാന്‍ സിനിമകള്‍ പറയുന്നത്. എല്ലാ സൂപ്പര്‍ ഹീറോ സിനിമകളിലെയും പോലെ നീചശക്തികള്‍ക്കെതിരെ പോരാടുകയും അപകടത്തില്‍പ്പെടുന്നവരെ സഹായിക്കുകയും ചെയ്യുന്ന നായകനെ സിനിമയില്‍ കാണാം. ചിലന്തിയെ പോലെ കെട്ടിടങ്ങളില്‍ പറ്റിപ്പിടിച്ച് കയറുന്ന സ്‌പൈഡര്‍മാന്‍ കുട്ടികളുടെ മാത്രമല്ല എല്ലാവരുടെയും സൂപ്പര്‍ ഹീറോ ആയിരുന്നു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വില്പനയുള്ള കാര്‍ട്ടൂണ്‍ കഥാപാത്രമാണ് സ്‌പൈഡര്‍മാന്‍ എന്നാണ് കരുതപ്പെടുന്നത്. 1962 ആഗസ്റ്റില്‍ മാര്‍വല്‍ കോമിക്‌സ് പ്രസിദ്ധീകരിച്ച അമേരിക്കന്‍ കോമിക്ക് ബുക്കിലാണ് സ്‌പൈഡര്‍മാന്‍ ആദ്യമായി പ്രത്യക്ഷപ്പെന്നത്. പിന്നീട് ഇത് സിനിമകളിലേക്കും ടെലിവിഷന്‍ പരിപാടികളിലും വീഡിയോ ഗെയിമുകളിലേക്കും വരെ ചെന്നെത്തി.

നമ്മുടെ ഫ്രഞ്ച് സ്‌പൈഡറുടെയും അമാനുഷികനായ സ്‌പൈഡര്‍മാന്റെയും ജനനം ഒരേ വര്‍ഷം ഒരേ മാസമാണ് എന്നുള്ളത് ശ്രദ്ധേയമാണ്. ചെറുപ്പം മുതല്‍ കണ്ടും കേട്ടും വളര്‍ന്ന അമാനുഷിക കഥാപാത്രത്തോടുള്ള അത്രമേല്‍ ആരാധനയാവാം ഇദ്ദേഹത്തെ ഫ്രഞ്ച് സ്‌പൈര്‍ എന്ന വിളിപ്പേരിന് അര്‍ഹനാക്കിയത്. 187 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിനു മുകളില്‍ എത്തിയതിന് ശേഷം ഇരുകൈകളും ഉയര്‍ത്തി ആകാശം തൊട്ട് നില്‍ക്കുന്ന അലൈന്‍ റോബോര്‍ട്ടിന്റെ മുഖത്ത് പ്രായത്തെ തോല്‍പ്പിച്ച് ലോകം കീഴടക്കിയ ഒരു 15 കാരന്റെ ചിരിയുണ്ടായിരുന്നു. അതെ അദ്ദേഹം ആദ്യമായി കീഴടക്കിയ കെട്ടിടത്തിന്റെ മുകളില്‍ എത്തിയപ്പോഴുണ്ടായിരുന്ന അതേ ചിരി.

https://www.youtube.com/watch?v=Js9sLjsBikQ

Related Articles

Post Your Comments

Back to top button