സർക്കാർ പിന്നോട്ടില്ല, പ്രമേയം അവതരിപ്പിക്കും.

തിരുവനന്തപുരം/ നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചെങ്കിലും ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്ന നിലപാടാണ് സർക്കാർ. കേന്ദ്ര സർക്കാർ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാനുറച്ച് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. ജനുവരി എട്ടിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.
ഗവർണർ അനുമതി നൽകാത്ത സാഹചര്യത്തിൽ എംഎല്‍എമാര്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ സമ്മേളിച്ച് കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എകെ ബാലനോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നതാണ് സർക്കാർ ഇക്കാര്യത്തിൽ മുഖ വിലക്കെടുക്കുന്നത്. നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും നിയമസഭ വിളിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ലെന്നും ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ച സംഭവത്തിൽ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കുകയുണ്ടായി. അടിയന്തര സാഹചര്യം ഇല്ല എന്ന ഗവര്‍ണറുടെ വാദം തെറ്റാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത് അടുത്ത ദിവസങ്ങളിലാണെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.