മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ‘കേരള പര്യടന’ത്തിന് ഇന്ന് തുടക്കം.

തിരുവനന്തപുരം / മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ‘കേരള പര്യടന’ത്തിന് ഇന്ന് തുടക്കം. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ആദ്യദിന പര്യടനം നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് എല്ലാ ജില്ലകളിലും പര്യടനം നടത്തി എൽഡിഎഫിന്റെ സമഗ്രവികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണ് ലക്ഷ്യം. ഇതിനായി മുഖ്യമന്ത്രി പ്രമുഖരുടെ അഭിപ്രായം തേടുന്നുണ്ട്. ഭാവി കേരളത്തെക്കുറിച്ചുള്ള എൽഡിഎഫ് കാഴ്ചപ്പാട് രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടന പരിപാടി നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ ജനകീയാംഗീകാരത്തിന് പിന്നാലെ നടക്കുന്ന പര്യടനം ചരിത്രസംഭവമാക്കാനൊരുങ്ങുകയാണ് എൽ ഡി എഫ്.
കൊല്ലത്താണ് പര്യടനത്തിന് തുടക്കം കുറിക്കുന്നത്. ബീച്ച് ഓർക്കിഡ് ഹോട്ടലിലെ ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും. തുടർന്ന് പത്തനംതിട്ടയ്ക്ക് പോകുന്ന മുഖ്യമന്ത്രി 4.30ന് അബാൻ ടവറിൽ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച കോട്ടയത്തും വ്യാഴാഴ്ച തലസ്ഥാന ജില്ലയിലുമാണ്. സമാപന ദിവസമായ 30ന് എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പര്യടനം. കോവിഡ് സാഹചര്യത്തിൽ വലിയ പരിപാടികൾ സംഘടിപ്പിക്കാൻ പരിമിതിയുള്ളതിനാലാണ് എല്ലാ ജില്ലകളും സന്ദർശിച്ച് നാനാതുറയിലുള്ളവരുമായി ആശയവിനിമയം നടത്തുന്നത്.