ക്രൈംബ്രാഞ്ചിന് മൊഴിയെടുക്കാന്‍ സമയം അനുവദിക്കാതെ മേയര്‍
NewsKeralaPolitics

ക്രൈംബ്രാഞ്ചിന് മൊഴിയെടുക്കാന്‍ സമയം അനുവദിക്കാതെ മേയര്‍

തിരുവനന്തപുരം: സിപിഎം ജില്ല സെക്രട്ടറിക്ക് തിരുവനന്തപുരം മേയര്‍ അയച്ച വിവാദമായ കത്ത് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക. അന്വേഷണത്തിന്റെ ആദ്യപടിയായി പരാതിക്കാരിയായ മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ ഇന്ന് ക്രൈംബ്രാഞ്ച് സമിപിച്ചെങ്കിലും ഇതുവരെ സമയം നല്‍കിയിട്ടില്ല.

മേയറുടെ മൊഴിയെടുക്കാതെ അന്വേഷണം തുടങ്ങാന്‍ പോലും ആവില്ലെന്നിരിക്കെ മേയറുടെ നീക്കം അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മേയറുടെ ലെറ്റര്‍ പാഡില്‍ ഒപ്പോടുകൂടി നഗരസഭയിലെ വിവിധ തസ്തികകളിലേക്കുള്ള കരാര്‍ ഒഴിവുകള്‍ നികത്താനായി പാര്‍ട്ടിക്കാരുടെ പേരുവിവരങ്ങള്‍ ആവശ്യപ്പെട്ട് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനെഴുതിയ കത്ത് പുറത്തായതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

ഈ കത്ത് നഗരസഭ ഭരണത്തെ നാണം കെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചു. കത്ത് എഴുതിയത് താനല്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയപ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പാര്‍ട്ടി നേതാക്കള്‍കൂടി ഉള്‍പ്പെട്ട വിവാദത്തില്‍ പോലീസില്‍ പരാതി നല്‍കാതെ മേയര്‍ നേരിട്ട് മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. പോലീസില്‍ പരാതി നല്‍കിയാല്‍ എഫ്ഐആര്‍ കോടതിയിലേക്കെത്തും.

കോടതി ഇടപെടലില്‍ അന്വേഷണത്തിന്റെ പരിഗണനാവിഷയങ്ങള്‍ മാറുമെന്ന് ആശങ്കയുള്ളതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതോടെ പരാതിയില്‍ കേസെടുക്കാതെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. പൊതുജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും കണ്ണില്‍ പൊടിയിടാന്‍ പ്രഖ്യാപിച്ച അന്വേഷണം ആരംഭത്തില്‍ തന്നെ മേയറുടെ ഭാഗത്ത് നിന്ന് അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമം മേയര്‍ക്കെതിരെയുള്ള പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങള്‍ക്ക് മൂര്‍ച്ഛകൂട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button