കേരളത്തിലെ ഏറ്റവും മനോഹരമായ റയില്‍ പാത
KeralaTravel

കേരളത്തിലെ ഏറ്റവും മനോഹരമായ റയില്‍ പാത

കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിന്‍ റൂട്ട് ഏതെന്നു ചോദിച്ചാല്‍ ഒരേയൊരു ഉത്തരമേയുള്ളൂ ഷൊര്‍ണ്ണൂര്‍ – നിലമ്പൂര്‍ റൂട്ട് , കേരളത്തിലെ ആദ്യത്തെ റെയില്‍ പാതകളിലൊന്നാണ് ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ പാത. 1921 ല്‍ ബ്രിട്ടീഷ ഭരണകാലത്താണ് ഈ പാത ആരംഭിച്ചത്. നിലമ്പൂരിലെ തേക്ക് പുറംലോകത്തേക്ക് കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാത ആരംഭിച്ചത്. ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള ഷൊറണൂര്‍-നിലമ്പൂര്‍ തീവണ്ടിപ്പാത ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്‌ഗേജ് പാതകളില്‍ ഒന്നാണ്.

66 കിലോമീറ്റര്‍ നീളമുള്ള ഈ ഒറ്റവരി പാത പാലക്കാട് ജില്ലയിലെ ഷൊറണൂര്‍ ജംഗ്ഷനില്‍ നിന്നും പുറപ്പെട്ടു മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ അവസാനിക്കുന്നു. അഞ്ച് പാലങ്ങളുടെ നിര്‍മാണമടക്കം ഈ പാതയുടെ പണി പൂര്‍ത്തിയാക്കിയത് വെറും മൂന്ന് വര്‍ഷം കൊണ്ടാണ്. ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ റൂട്ടില്‍ ദിവസേന 7 ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. 16349 കൊച്ചുവേളി നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്സ്, 56611 പാലക്കാട്-നിലമ്പൂര്‍ പാസഞ്ചര്‍ , 56613 ഷൊറണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍, 56362 കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍, 56617 ഷൊറണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍, 56619 ഷൊറണൂര്‍- നിലമ്പൂര്‍ പാസഞ്ചര്‍, 56621 ഷൊറണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ എന്നിവയാണ് അവ.

ഷൊര്‍ണൂരില്‍ നിന്നും നിലമ്പൂരിലേക്ക് 20 രൂപയാണ് പാസഞ്ചര്‍ ട്രെയിനിന്റെ നിരക്ക്. രാജ്യറാണി എക്‌സ്പ്രസ്സ് ആണെങ്കില്‍ 40 രൂപ ചാര്‍ജാകും. ഷൊര്‍ണ്ണൂരിനും നിലമ്പൂര്‍ റോഡിനുമിടയില്‍ പത്ത് റെയില്‍വേ സ്റ്റേഷനുകളുണ്ട്. വാടാനംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂര്‍, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂര്‍, തുവ്വൂര്‍, തൊടിയപ്പുലം, വാണിയമ്പലം എന്നിവയാണ് മനോഹരങ്ങളായ ആ റെയില്‍വേ സ്റ്റേഷനുകള്‍. മേല്‍പ്പറഞ്ഞവയില്‍ അങ്ങാടിപ്പുറം സ്റ്റേഷന്‍ മാത്രമാണ് അല്‍പ്പം വലുതായിട്ടുള്ളത്. ബാക്കിയെല്ലാം ചെറിയ സ്റ്റേഷനുകളാണ് . ചെറുതെങ്കിലും ഗ്രാമീണഭംഗി വിളിച്ചോതുന്നവയാണ് ഈ സ്റ്റേഷനുകള്‍ . മഴക്കാലത്തെ ഇതുവഴിയുള്ള യാത്ര അതി മനോഹരമാണ്.

Related Articles

Post Your Comments

Back to top button