കേരളത്തിലെ മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല.

തിരുവനന്തപുരം / കേരളത്തിലെ മുഴുവൻ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെയാണ് താൻ ചോദ്യം ചെയ്തത്. ആദ്യം സ്വന്തം അണികളുടെ വികാരം മനസിലാക്കാനാണ് ലീഗ് ശ്രമിക്കേണ്ടത്. ജമാ അത്തെ ഇസ്‍ലാമിയെ മുസ്‍ലിം വിഭാഗങ്ങളില്‍ ഭൂരിപക്ഷവും അകറ്റി നിര്‍ത്തുന്നു. നാല് സീറ്റിനായി മുസ്‍ലിം ലീഗ് അവരുമായി കൂട്ടുകൂടി. വെല്‍ഫെയര്‍ ബന്ധം തെറ്റാണെന്ന അഖിലേന്ത്യാ നിലപാട് പറയാനാണ് മുല്ലപ്പള്ളി ശ്രമം നടത്തിയത്. അങ്ങനെയൊരാള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് വേണ്ടെന്ന് ലീഗ് നിലപാടെടുത്തു. അത് ചൂണ്ടിക്കാട്ടിയ തന്നെ വര്‍ഗീയ വാദിയാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്നതിനെക്കുറിച്ച് താൻ പറയുന്നില്ല. അതു സംബന്ധിച്ച് ലീഗിനുള്ളിൽ തന്നെ എതിരഭിപ്രായം ഉയർന്ന് കഴിഞ്ഞു. ആദ്യം പാർട്ടിയുടെയും അണികളുടെയും വിശ്വാസം ആർജിക്കട്ടെ. എന്നിട്ട് മതി സി.പി.എമ്മിനെതിരെ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.