മുസ്ലിം ലീഗിന് ആറ് സീറ്റുകൾ അധികം വേണം, അഞ്ചെങ്കിലും കിട്ടണം, മൂന്നു സീറ്റുകൾ നൽകും.

മലപ്പുറം / നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകൾ അധികം വേണമെന്ന് മുസ്‌ലിം ലീഗ്. ആദ്യം ആറ് സീറ്റുകളാണ് ലീഗ് അധികം ആവശ്യപ്പെട്ടിരുന്നത്. ഒടുവിൽ അഞ്ചു സീറ്റുകൾ എങ്കിലും വേണമെന്നാണ് ലീഗ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലീഗിന് മൂന്ന് സീറ്റുകള്‍ കൂടി അധികം നല്‍കാമെന്ന് ധാരണയായതായിട്ടാണ് ഒടുവിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്.
തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഇന്ന് പാണക്കാട്ട് തുടക്കം കുറിച്ചു. മലപ്പുറത്ത് പാണക്കാട് തങ്ങളുമായി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി. കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ചര്‍ച്ച നടത്തിയത്. യു.ഡി.എഫില്‍ സീറ്റ് വിഭജനം സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.തങ്ങളുമായി സംസാരിക്കേണ്ട വിഷയങ്ങളൊക്കെ ചര്‍ച്ച ചെയ്തു. ഐശ്വര്യ കേരള യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരുവനന്തപുരത്ത് വെച്ച് ഔദ്യോഗികമായി ചര്‍ച്ച ചെയ്യും. പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിയമ സഭ തിരെഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് 24 സീറ്റുകളിലാണ് നേരത്തെ മത്സരിച്ചത്. യു.ഡി.എഫില്‍ നിന്നും പോയ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം, ലോക് താന്ത്രിക് ജനതാദള്‍ എന്നീ ഘടകകക്ഷികളുടെ ഒഴിവിൽ ലീഗ് ആറ് സീറ്റുകള്‍ കൂടി അധികം ചോദിക്കുകയാണ്.
ഇതിൽ രണ്ട് സീറ്റുകള്‍ ലീഗിന് നല്‍കാമെന്നാണ് ധാരണ. ഒരു സീറ്റില്‍ പൊതു സമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിർത്തുകയും ആ സ്ഥാനാർത്ഥിയെ ലീഗും കോണ്‍ഗ്രസും പിന്തുണക്കണമെന്നുമാണ് കോൺഗ്രസ് മുന്നോട്ടു വെച്ചിട്ടുള്ളത്. ഇങ്ങനെ ലീഗിന് മൂന്ന് സീറ്റുകള്‍ അധികം നൽകുമെന്നാണ് വിവരം. അതേസമയം, ലീഗ് മൊത്തം ആറ് സീറ്റുകൾ ആണ് അധികം ചോദിച്ചത്. അഞ്ചെങ്കിലും നൽകണമെന്ന ആവശ്യമാണ് പറഞ്ഞിട്ടുള്ളത്. ആറില്ലെങ്കിൽ അഞ്ചു സീറ്റുകൾ ആണ് ലീഗ് പ്രതീക്ഷിക്കുന്നത്.