പാലായിൽ എൻസിപി തന്നെ മത്സരിക്കും.

തിരുവനന്തപുരം / എൻസിപി ഇടതുമുന്നണി വിടുന്ന പ്രശ്നമില്ല. എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ദേശീയ പ്രസിഡന്റ് ശരത് പവാറിന്റെ അഭിപ്രായവും ഇത് തന്നെയാണെന്നും, പാലായിൽ എൻസിപി തന്നെ മത്സരിക്കണമെന്നത് പാർട്ടി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെന്നും ടി.പി.പീതാംബരൻ തിരുവനന്തപുരത്ത് പറഞ്ഞു.
പാലാ സീറ്റ് എൽഡിഎഫ് തരില്ലെന്ന് പറഞ്ഞിട്ടില്ല. സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കുന്ന കക്ഷികൾക്ക് തന്നെ അതാത് സീറ്റുകൾ നൽകുന്നതാണ് എൽഡിഎഫിന്റെ സാധാരണയുള്ള കീഴ്വഴക്കം. സീറ്റ് മാറ്റം സംബന്ധിച്ച് എൽഡിഎഫിൽ സീറ്റ് ചർച്ച വന്നാൽ വിഷയം ഉന്നയിക്കുന്നതാണ്. എൻസിപി നിലവിലെ നാല് സിറ്റിംഗ് സീറ്റുകളിൽ തന്നെ മത്സരിക്കും. ടി.പി.പീതാംബരൻ പറഞ്ഞു. പാലാ സീറ്റിനെച്ചൊല്ലി എൻസിപി ബലം പിടിക്കുന്നതിനിടെ ഇന്ന് എകെജി സെന്‍ററിൽ എൽഡിഎഫ് യോഗം ചേരുകയാണ്. പാലാ സീറ്റിനെക്കുറിച്ച് ഇതുവരെയും യാതൊരു ചർച്ചകളും നടന്നിട്ടില്ലെങ്കിലും തങ്ങളുടെ ആവശ്യം എൻസിപി യോഗത്തിൽ അറിയിക്കും.
യോഗത്തിൽ പങ്കെടുക്കുമെന്ന് എൻസിപി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ടിപി പീതാംബരനും മാണി സി കാപ്പനും ഒപ്പം എകെ ശശീന്ദ്രനും യോഗത്തിൽ പങ്കെടുക്കുമെന്ന് ഒരു ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു. തങ്ങൾ മത്സരിച്ച് ജയിച്ച സീറ്റായതിനാൽ വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നാണ് മാണി സി കാപ്പന്‍റെയും പീതാംബരന്‍റെയും നിലപാട്. അതേസമയം, എൽഡിഎഫ് യോഗ അജണ്ടയിൽ സീറ്റ് ചർച്ചകൾ പറഞ്ഞിട്ടില്ല. എൽഡിഎഫ് ജാഥയ്ക്കും പ്രകടന പത്രികയ്ക്കുമാണ് യോഗം പ്രാധാന്യം കൊടുക്കുക. പാലാ വിഷയം എൻസിപി ഉന്നയിച്ചാൽ ചർച്ചാ ആയേക്കും. ഇക്കാര്യത്തിൽ സിപിഎമ്മിന് പുറമെ സിപിഐയുടെ നിലപാടും നിർണ്ണായകമാണ്.