ആരോഗ്യവകുപ്പിൻ്റെ അനാസ്ഥ തുടരുന്നു; ആളുമാറി ചികിത്സ

ആരോഗ്യ വകുപ്പിന് ഇന്ന് തിരിച്ചടികളുടെ തിങ്കൾ. നേട്ടങ്ങളുടെ സിംഹാസനത്തിൽ നിന്ന് ഒറ്റ ദിവസം കൊണ്ടാണ് പരാതികളുടെ പടുകുഴിയിലേക്ക് വീണത്.കളമശേരി മെഡിക്കൽകോളേജിൽ ജീവനക്കാരുടെ അനാസ്ഥമൂലം കൊവിഡ് രോഗി മരിച്ചുവെന്ന് ആശുപത്രി ജീവനക്കാരുടെ പേരിലുളള ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ആരോഗ്യവകുപ്പിന്റെ അനാസ്ഥ വെളിപ്പെടുത്തുന്ന മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി പുറത്തായിരിക്കുകയാണ്. പാരിപ്പളളി മെഡിക്കൽ കോളേജിലാണ് സംഭവം. കൊല്ലം സ്വദേശി സുലൈമാൻ കുഞ്ഞിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാരിപ്പളളിയിലെ ഒരു ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിക്കുകയായിരുന്നു. രോഗം കടുത്തതോടെ പാരിപ്പളളി മെഡിക്കൽകോളേജിലേക്ക് ഇയാളെ മാറ്റുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു. അന്നു മുതൽ അദ്ദേഹത്തിന്റെ മകൻ മെഡിക്കൽ കോളേജിലെത്തി പിതാവിന് നൽകാനായി വസ്ത്രവും ഭക്ഷണവുമൊക്കെ നൽകിയിരുന്നു. ഒടുവിൽ പിതാവിന് രോഗം ഭേമായെന്ന് പാരിപ്പളളി മെഡിക്കൽകോളേജിൽ നിന്ന് അറിയിച്ചതനുസരിച്ച് കാണാൻ എത്തിയപ്പോഴാണ് അത് തന്റെ പിതാവല്ലെന്ന ഞെട്ടിക്കുന്ന വിവരം മകന് മനസിലായത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുലൈമാൻ കുഞ്ഞ് തിരുവനന്തപുരം മെഡിക്കൽകോളേജിൽ വച്ച് മരിച്ചുവെന്നും മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരി ക്കുയാണെന്നും വ്യക്തമായത്.എന്നാൽ സുലൈമാൻ കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് മാറ്റിയതുപോലും കുടുംബത്തെ അറിയിച്ചില്ല.
അതേ സമയം മേൽവിലാസം രേഖപ്പടുത്തുന്നതിൽ ഉണ്ടായ പിഴവാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് അധികൃതർ പറയുന്നത്. ഈ കാലയളവിൽ മകൻ പിതാവിനായി എത്തിച്ചു നൽകിയിരുന്ന ഭക്ഷണവും വസ്ത്രവും ലഭിച്ചുകൊണ്ടിരുന്നത് മറ്റൊരു കൊവിഡ് രോഗിക്കാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ല.