സമനില തെറ്റിയവൻ മറ്റുളളവരെയെല്ലാം അവൻ ഭ്രാന്തനാണ് ഭ്രാന്തനാണെന്ന് പറയും,മുഖ്യമന്ത്രിക്കെതിരെ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി സംസഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഷ്ട്രീയമായി വരുന്ന ആരോപണങ്ങളെ പിണറായി വ്യക്തിനിഷ്‌ടമായി എടുക്കുകയാണ്. സമനില തെറ്റിയത് ആർക്കാണെന്ന് ഇന്നലെ അദ്ദേഹത്തിന്റെ വാർത്താസമ്മേളനം കണ്ടവർക്ക് മനസിലാകും. സമനില തെറ്റിയവൻ മറ്റുളളവരെയെല്ലാം അവൻ ഭ്രാന്തനാണ് ഭ്രാന്തനാണെന്ന് പറയും..
മാനസിക നില തെറ്റിയത് പിണറായിക്കാണ്. ഭയമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. സ്വന്തം നിഴലിനെ പോലും അദ്ദേഹം ഭയപ്പെടുന്നു. അന്വേഷണ ഏജൻസികൾ എപ്പോഴാണ് തന്നിലേക്ക് എത്തുന്നത് എന്ന ആശങ്കയിലാണ് അദ്ദേഹം.രാഷ്ട്രീയമായ ആരോപണങ്ങൾക്ക് അത്തരത്തിലുള്ള മറുപടിയാണ് വേണ്ടത്. ഭീഷണിപ്പെടുത്തി സമരത്തെ അടച്ചമർത്താമെന്നത് വ്യാമോഹമാണ്.
ഒരു പവന്റെ മാല ആരെങ്കിലും നാല് ലോക്കറിൽ വയ്‌ക്കുമോയെന്ന് പിണറായി വ്യക്തമാക്കണം.കൊവിഡ് കാല സമരങ്ങൾക്ക് ഉത്തരവാദി പിണറായി വിജയനാണ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞിരുന്നെങ്കിൽ തങ്ങൾക്ക് ഈ സമരം നടത്തേണ്ടി വരികില്ലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
വിമർശനങ്ങളെ രാഷ്ട്രീയ പരമായി നേരിടുകയാണ് വേണ്ടത്. ബിജെപിക്കുള്ള മറുപടി പത്രസമ്മേളനത്തിലല്ല, വേറെ നൽകുമെന്നാണ് പറഞ്ഞത്. ഞങ്ങൾ അത് അംഗീകരിക്കുന്നു. കമ്യൂണിസ്റ്റുകാരുടെ അക്രമണത്തിനിരയായി കൊല്ലപ്പെടുകയെന്നത് പാർട്ടി പ്രവർത്തകരെ സംബന്ധിച്ച് പുതിയ കാര്യമല്ല. പിന്തിരിഞ്ഞോടാൻ തയ്യാറില്ല എന്നതുകൊണ്ടാണ് ഇന്ന് കേരളം ബിജെപിയെ അംഗീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.