ജില്ലകളില്‍ തൊഴില്‍ വകുപ്പിന്റെ സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കണം: മന്ത്രി വി. ശിവന്‍കുട്ടി
NewsKerala

ജില്ലകളില്‍ തൊഴില്‍ വകുപ്പിന്റെ സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കണം: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: എല്ലാ ജില്ലകളിലും തൊഴില്‍ വകുപ്പിന്റെ സാന്നിദ്ധ്യം ശക്തമാക്കണമെന്നും അതിന് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ജനജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തൊഴില്‍ പ്രശ്നങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. ഗ്രാറ്റുവിറ്റി, തൊഴില്‍ തര്‍ക്കങ്ങള്‍, മിനിമം വേജസ്, തൊഴില്‍ ആനുകൂല്യങ്ങള്‍ എന്നിവയിലൊക്കെ മനുഷ്യത്വപരവും സത്വരവുമായ ഇടപെടലുകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ അസി. ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് മുതല്‍ അഡീ. ലേബര്‍ കമ്മിഷണര്‍ വരെയുള്ള ജീവനക്കാരുടെ പ്രവര്‍ത്തന അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അഭിനന്ദനാര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വകുപ്പില്‍ കൂടി വരികയാണ്. കൂടുതല്‍ മികച്ചതാവാന്‍ പരസ്പരം ആരോഗ്യപരമായ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപന രജിസ്ട്രേഷനുകളില്‍ മികച്ച നേട്ടമാണ് ഇതിനോടകം വകുപ്പ് കൈവരിച്ചിട്ടുള്ളത്. ഷോപ്പ്സ് ആന്റ് കൊമേഴ്സ്യല്‍ ആക്ട് പ്രകാരമുള്ള സ്ഥാപന രജിസ്ട്രേഷനുകളില്‍ സംസ്ഥാനത്തെ 51 അസി ലേബര്‍ ഓഫീസര്‍മാര്‍ 100 ശതമാനം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഏഴു പേര്‍ മാത്രമാണ് 75 ശതമാനത്തില്‍ താഴെ കൈവരിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞത് 62.77 ശതമാനം. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് പ്രകാരമുള്ള സ്ഥാപന രജിസ്ട്രേഷനിലും 55 അസി.ലേബര്‍ ഓഫീസര്‍മാര്‍ 100 ശതമാനം കൈവരിച്ചു.

ബില്‍ഡിംഗ് സെസ് കളക്ഷനിലും വകുപ്പിന് നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചതായി യോഗം വിലയിരുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 141 കോടിയോളം രൂപ പിരിച്ചെടുക്കുവാന്‍ സാധിച്ചു. ഇക്കഴിഞ്ഞ സെപ്തംബറില്‍ തൊഴില്‍ വകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തെ തുടര്‍ന്ന് നല്‍കിയ പ്രതിമാസ ടാര്‍ജറ്റ് രീതിയെ തുടര്‍ന്ന് ഒക്ടോബര്‍ മാസംമാത്രം വകുപ്പ് സെസിനത്തില്‍ പിരിച്ചെടുത്തത് 13.4 കോടി രൂപയാണ്. ഫയല്‍ തീര്‍പ്പാക്കലിലും കേസുകളുടെ തീര്‍പ്പാക്കലിലും ഇത്തരത്തിലുള്ള പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തത് യോഗം വിലയിരുത്തി.


ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കേസുകളുടെ തീര്‍പ്പാക്കല്‍ സമയബന്ധിതമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും ഫയല്‍ തീര്‍പ്പാക്കലില്‍ നൂറു ശതമാനം കൈവരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധ ചെലത്തണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇ- ഓഫീസ് സംവിധാനം തൊഴില്‍ വകുപ്പിലെ എല്ലാ ഓഫീസുകളിലും ഉടന്‍ പ്രാബല്യത്തിലാക്കും. പഞ്ചിംഗ് സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം ശിക്ഷക് സദനില്‍ നടന്ന യോഗത്തില്‍ തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബര്‍ കമ്മിഷണര്‍ ഡോ കെ. വാസുകി, അഡീ ലേബര്‍ സെക്രട്ടറി ഡി. ലാല്‍, അഡീ ലേബര്‍ കമ്മിഷണര്‍മാരായ രഞ്ജിത് പി. മനോഹര്‍, കെ. ശ്രീലാല്‍, കെ.എം. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Post Your Comments

Back to top button