അധ്യക്ഷനാകാന്‍ സമ്മര്‍ദം മുറുകുന്നു; ഡല്‍ഹി യാത്ര ഉപേക്ഷിച്ച് രാഹുല്‍
NewsNationalPolitics

അധ്യക്ഷനാകാന്‍ സമ്മര്‍ദം മുറുകുന്നു; ഡല്‍ഹി യാത്ര ഉപേക്ഷിച്ച് രാഹുല്‍

കൊച്ചി: നെഹ്‌റു കുടുംബത്തില്‍ നിന്ന് ഇനി ആരും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന സോണിയ ഗാന്ധിയുടെ തീരുമാനം സമ്മര്‍ദത്തിന് വഴങ്ങി പിന്‍വലിക്കേണ്ടി വരുമോ എന്ന് ആശങ്ക. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് പിസിസികള്‍ ഓരോന്നായി പ്രമേയം പാസാക്കി കൊണ്ടിരിക്കുകയാണ്.

തന്റെ മേല്‍ സമ്മര്‍ദം മുറുകുന്നത് മൂലം ചികിത്സയ്ക്ക് ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കാനുള്ള രാഹുലിന്റെ തീരുമാനവും മാറ്റിയതായാണ് അറിയുന്നത്. ഉപാധികളോടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വലിയ അതൃപ്തിയാണ് നിലവിലുള്ളത്.

സച്ചിന്‍ പൈലറ്റിനെ അധികാരസ്ഥാനത്ത് നിന്നും അകറ്റിനിര്‍ത്താന്‍ പരമാവധി ശ്രമിക്കുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി തനിക്ക് മുഖ്യമന്ത്രി സ്ഥാനവും ദേശീയ അധ്യക്ഷ സ്ഥാനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള അനുമതി വേണമെന്നും അല്ലെങ്കില്‍ താന്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കണമെന്നുമാണ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജി 23 നേതാക്കളില്‍ പലരും ഇപ്പോഴും രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് വരണമെന്ന ആഗ്രഹം വച്ചുപുലര്‍ത്തുന്നവരാണ്. രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ ശശി തരൂര്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറാനാണ് സാധ്യത. എന്നാല്‍ മനീഷ് തിവാരി മത്സരത്തില്‍ നിന്ന് പിന്മാറിയേക്കില്ല.

ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കപില്‍ സിബല്‍ തുടങ്ങി പരിണതപ്രജ്ഞരായ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോയിട്ടും കടുംപിടുത്തത്തില്‍ നിന്നും ഇളകാന്‍ ഹൈക്കമാന്‍ഡും അവരുടെ ആളുകളും തയാറാകാത്തത് പാര്‍ട്ടിയെ ഒന്നുമല്ലാതാക്കുന്നു എന്ന വിമര്‍ശനവും ഇതിനിടയില്‍ ശക്തമാകുന്നുണ്ട്.

Related Articles

Post Your Comments

Back to top button