പോലീസിനെ കണ്ടപ്പോള്‍ തടവുപുള്ളി ഫോണ്‍ വിഴുങ്ങി

ന്യൂഡല്‍ഹി: പോലീസിനെ കണ്ടപ്പോള്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി തടവുപുള്ളി. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ആണ് സംഭവം നടന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം എന്‍ഡോസ്കോപ്പി വഴി ഈ മൊബൈല്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. ജയിലിനുള്ളില്‍ ചില തടവുകാര്‍ മൊബൈല്‍ ഉപയോഗിക്കുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
എന്നാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ തടവുപുള്ളി മൊബൈല്‍ വിഴുങ്ങുകയായിരുന്നു. ഇയാളുടെ സെല്ല് പരിശോധിച്ച പോലീസിന് മൊബൈല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇയാളെ എക്സ് റേ പരിശോധനയ്ക്ക് വിധേയനാക്കിയതോടെയാണ് മൊബൈല്‍ വിഴുങ്ങിയതായി വ്യക്തമായത്. ഏഴ് സെന്റീമീറ്റര്‍ നീളവും മൂന്ന് സെന്റീമീറ്റര്‍ വീതിയുമുള്ള ഫോണ്‍ ഇയാള്‍ വടിയുടെ സഹായത്തോടെയാണ് വിഴുങ്ങിയതെന്ന് പോലീസ് പറഞ്ഞു.
പോലീസ് പരിശോധിക്കാന്‍ എത്തുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഒളിപ്പിക്കാറുള്ളത് പതിവാണെന്ന് അധികൃതര്‍ പറഞ്ഞു. സെല്ലിനകത്തോ ശരീരത്തിലോ ആണ് ഇത്തരത്തില്‍ ഒളിപ്പിക്കാറ്. എന്നാല്‍ പ്രത്യേക പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ മൊബൈല്‍ വിഴുങ്ങാനും പുറത്തെടുക്കാനും സാധിക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.