ലേബര്‍ സംഘങ്ങളുടെ പ്രശ്നങ്ങൾക്കു സംഘടനയിലൂടെ പരിഹാരം നേടണം: ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ
NewsKeralaLocal News

ലേബര്‍ സംഘങ്ങളുടെ പ്രശ്നങ്ങൾക്കു സംഘടനയിലൂടെ പരിഹാരം നേടണം: ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ

സംസ്ഥാനത്തെ ലേബർ സഹകരണസംഘങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കു സംഘടിതമായി പരിഹാരം നേടിയെടുക്കാനുള്ള തീരുമാനത്തോടെ ലേബർ സംഘങ്ങളുടെ മൂന്നുദിവസത്തെ സംസ്ഥാനതല സെമിനാറും ശില്പശാലയും സമാപിച്ചു. സംസ്ഥാനത്തെ വിവിധ ലേബർ സഹകരണസംഘങ്ങളെ പ്രതിനിധീകരിച്ച് 526 പേർ കെഎല്‍സിസിഎസ്ഡബ്ല്യൂഎ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തു.

സഹകരണസംഘങ്ങൾക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങളില്‍ ചിലതു റദ്ദാക്കിയപ്പോള്‍ കേരള ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആത്മാര്‍ഥശ്രമത്തിലൂടെ അവ പുനഃസ്ഥാപിച്ചതു പോലെ, മറ്റു പ്രശ്നങ്ങൾക്കും സംഘടനയിലൂടെ പരിഹാരം നേടാന്‍ ശ്രമിക്കണമെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

സഹകരണപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുക എന്നത് കേരളസര്‍ക്കാരിന്റെ പൊതുനിലപാടാണ്. എന്നാല്‍, ഇതിനു വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചു ചില ഉദ്യോഗസ്ഥര്‍ ലേബര്‍ സംഘങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ റദ്ദുചെയ്ത് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ആ ഘട്ടത്തില്‍ ലേബര്‍ സംഘങ്ങളുടെ സംഘടനതന്നെ മുന്‍കൈ എടുത്ത് ആ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചു. പ്രശ്നങ്ങള്‍ രൂപപ്പെട്ടുവരുമ്പോൾ അവ പരിഹരിക്കാന്‍ സംഘടന ആവശ്യമാണ്.

ലേബര്‍ സംഘങ്ങള്‍ നാടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സത്യസന്ധമായി ഇടപെട്ട് ജനങ്ങളെ മുന്നില്‍കണ്ട് പ്രവര്‍ത്തിച്ചാല്‍ വിജയം ഉറപ്പാണ്. സംഘങ്ങളുടെ നേതൃത്വത്തിലേക്ക് സ്ത്രീകളുടെ കടന്നുവരവ് വലിയ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റ് റ്റി. പി. രാമകൃഷ്ണൻ വിതരണം ചെയ്തു,

ടെൻഡർ, പ്രൊജക്റ്റ് തയ്യാറാക്കൽ, പ്രൊജക്റ്റ് നിർവ്വഹണം, അക്കൗണ്ടിങ്, സഹകരണനിയമങ്ങൾ, വിവിധ നിയമങ്ങളും സർക്കാരുത്തരവുകളും തുടങ്ങിയ വിവിധ സാങ്കേതികവിഷയങ്ങളിൽ പ്രതിനിധികൾക്ക് വിദഗ്ദ്ധർ പരിശീലനവും നല്കി. സഹകരണം, പൊതുമരാമത്ത്, തദ്ദേശഭരണം, ജലവിഭവം തുടങ്ങിയ വകുപ്പുകളുടെ മേധാവികൾ വിവിധ സെഷനുകളിൽ പങ്കെടുത്തു. ഈ വകുപ്പുകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പ്രതിനിധികൾ ഉന്നയിച്ചു.

സഹകരണമന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്ത സെമിനാറിൽ ‘കേരളവികസനത്തിൽ ലേബർ സഹകരണസംഘങ്ങളുടെ പങ്ക്’ എന്ന വിഷയം ഡോ. റ്റി. എം. തോമസ് ഐസക്ക് അവതരിപ്പിച്ചു. ‘പൊതുമരാമത്തുപ്രവൃത്തികളിൽ ലേബർ സംഘങ്ങളുടെ പങ്ക്’ എന്ന സെമിനാർ പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാറും ‘തദ്ദേശസ്വയംഭരണ നിർമ്മാണപ്രവൃത്തികളിൽ ലേബർ സംഘങ്ങളുടെ പങ്ക്’ എന്ന വിഷയം തദ്ദേശസ്വയംഭരണവകുപ്പ് ചീഫ് എൻജിനീയർ കെ. ജോൺസണും ഉദ്ഘാടനം ചെയ്തു.

Related Articles

Post Your Comments

Back to top button