CinemaKerala NewsLatest NewsNews

ദിലീപിന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ വീട്ടില്‍ നടന്ന ക്രൈംബ്രാഞ്ചിന്റെ റെയ്ഡ് അവസാനിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. ദിലീപിന്റെ ആലുവയിലെ വീട്ടിലും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ പറവൂര്‍ കവലയിലെ വീട്ടിലും ഇവരുടെ സിനിമ നിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലും ഒരേ സമയാണ് റെയ്ഡ് നടത്തിയത്.

ദിലീപിന്റെ വീട്ടില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകളും മൊബൈല്‍ ഫോണുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലില്‍ ദിലീപിന്റെ കൈയില്‍ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ആ തോക്ക് അന്വേഷിച്ചാണ് മുഖ്യമായും ക്രൈംബ്രാഞ്ച് ദിലീപിന്റെ വീട്ടിലെത്തിയത്. ഇതോടൊപ്പം നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ ദൃശ്യങ്ങള്‍ക്ക് വേണ്ടി സൈബര്‍ വിദഗ്ധരും തിരച്ചില്‍ നടത്തി.

ദിലീപിന്റെ ആലുവയിലെ വീട് പത്മസരോവരത്തില്‍ ഏകദേശം ഏഴു മണിക്കൂറാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. രാവിലെ 11.30 ഓടെയാണ് ദിലീപിന്റെ വീട്ടിലേക്ക് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെത്തിയത്. കുറേ നേരം കാത്ത് നിന്നിട്ടും പത്മസരോവരത്തിന്റെ ഗേറ്റ് തുറന്നുകൊടുക്കാന്‍ വീട്ടിനകത്തുള്ള ആളുകള്‍ തയ്യാറായില്ല. പരിശോധനയ്ക്ക് എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞിട്ടും ഗേറ്റ് തുറന്നില്ല. പിന്നീട് ഉദ്യോഗസ്ഥര്‍ ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറുകയായിരുന്നു. പിന്നീട് ദിലീപിന്റെ സഹോദരി വന്ന് വീട് തുറന്നുകൊടുത്തു. അന്വേഷണ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ വീട്ടില്‍ ദിലീപ് ഉണ്ടായിരുന്നില്ല. റെയ്ഡ് തുടങ്ങി അരമണിക്കൂറിനകമാണ് ദിലീപ് എത്തിയത്.

Related Articles

Back to top button