സില്‍വര്‍ ലൈന്‍ പദ്ധതി പ്രളയം രൂക്ഷമാക്കും
കൊച്ചി: കേരള സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന സില്‍വര്‍ ലൈന്‍ പദ്ധതി പ്രളയക്കെടുതി രൂക്ഷമാകാന്‍ കാരണമാകുമെന്ന് വിമര്‍ശനം. പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു നടക്കുന്ന പാരിസ്ഥിതിക പഠനത്തില്‍ പ്രളയ മേഖലകള്‍ കണ്ടെത്തി വിശദമായ പഠനം നടത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം വച്ചിരിക്കുന്നത്.
സംസ്ഥനത്ത് ആകെ 44 നദികളാണുള്ളത്. ഇതില്‍ 40 നദികളെയും മറികടന്നുകൊണ്ടാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. ഇടനാട് മേഖലകളിലൂടെയും തീരമേഖലകളിലൂടെയും കടന്നുപോകുന്ന പദ്ധതിയുടെ 88.41 കിലോമീറ്റര്‍ ഭാഗം മാത്രമാണ് തൂണുകളില്‍ എലിവേറ്റഡായി വിഭാവനം ചെയ്തിട്ടുള്ളത്. 292.73 കിലോമീറ്റര്‍ ഭാഗവും ഭൂനിരപ്പിലൂടെയാണ്. രൂക്ഷമായ പ്രളയം ഉണ്ടാകാന്‍ സാധ്യതയുള്ള പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളുടെ ഭൂരിഭാഗത്തും ഭൂനിരപ്പിലൂടെയാണ് ലൈന്‍ നിര്‍മിക്കുന്നത്. നാല് നദികള്‍ കടന്നുപോകുന്ന ജില്ലയാണ് പത്തനംതിട്ട.
ഇതില്‍ പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍, പത്തനംതിട്ട- കൊല്ലം ജില്ലകളുടെ അതിര്‍ത്തി വേര്‍തിരിക്കുന്ന കല്ലടയാര്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ നാല് നദികളും മറികടന്നുകൊണ്ടാണ് സില്‍വര്‍ ലൈന്‍ കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുന്നത്. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്തനംതിട്ടയിലെ ആറാട്ടുപുഴ, ഇരവിപേരൂര്‍ മേഖലകള്‍ പ്രളയക്കെടുതി ഏറെ ഉണ്ടാകുന്ന സ്ഥലങ്ങളാണ്. ആറാട്ടുപുഴയിലൂടെ കടന്നുപോകുന്ന കോഴഞ്ചേരി- ചെങ്ങന്നൂര്‍ പാത വെള്ളത്തിനടിയിലായിട്ട് രണ്ടുദിവസമായി. ഭൂമിക്കു സമാന്തരമായി സില്‍വര്‍ ലൈന്‍ ഇവിടെ വന്നാല്‍ ആറാട്ടുപുഴയ്ക്കു കിഴക്കുഭാഗം ജലസംഭരണിക്കു സമാനമായി മാറുമെന്ന് പമ്പാ പരിരക്ഷണ സമിതി ചൂണ്ടിക്കാട്ടി.
എല്ലാ അഞ്ഞൂറു മീറ്ററുകളിലും ലൈന്‍ മുറിച്ചു കടക്കാന്‍ അടിപ്പാത ഉണ്ടാകുമെന്നും ഇതിലൂടെ വെള്ളത്തിന് ഒഴുകിപ്പോകാന്‍ കഴിയുമെന്നുമാണ് വിശദീകരണം. കേവലം 12 മീറ്റര്‍ മാത്രം വീതിയുള്ള അടിപ്പാതയിലൂടെ ജലം കുത്തി ഒഴുകുമ്പോള്‍ ഡാം തുറന്നുവിടുന്ന അവസ്ഥ സംജാതമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.