അജി കൃഷ്ണനെതിരായ കേസില്‍ ആറാം പ്രതി സ്വപ്‌ന സുരേഷിന്റെ മുന്‍ ഡ്രൈവര്‍
NewsKerala

അജി കൃഷ്ണനെതിരായ കേസില്‍ ആറാം പ്രതി സ്വപ്‌ന സുരേഷിന്റെ മുന്‍ ഡ്രൈവര്‍

പാലക്കാട്: അജി കൃഷ്ണനെതിരെ ഷോളയാര്‍ പോലീസ് ചാര്‍ജ് ചെയ്ത കേസിലെ ഗൂഢാലോചന കൂടുതല്‍ വെളിപ്പെടുന്നു. ഈ കേസിലെ ആറാം പ്രതിയായി ചേര്‍ത്തിരിക്കുന്നത് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയും എച്ച്ആര്‍ഡിഎസിലെ മുന്‍ ജീവനക്കാരിയുമായ സ്വപ്‌ന സുരേഷിന്റെ മുന്‍ ഡ്രൈവര്‍ കൊട്ടാരക്കര സ്വദേശി അനീഷിനെയാണ്. ഇയാള്‍ എങ്ങിനെ ഈ കേസില്‍ പ്രതിയായി എന്ന ചോദ്യമുയരുമ്പോഴാണ് കേസ് തട്ടിക്കൂട്ടിയതാണെന്ന വസ്തുത തെളിയുന്നത്.

എച്ച്ആര്‍ഡിഎസുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അനീഷ്. അനീഷിനെ തങ്ങള്‍ക്ക് അറിയില്ലെന്ന് എച്ച്ആര്‍ഡിഎസ് വ്യക്തമാക്കിയിട്ടുമുണ്ട്. അനീഷ് സ്വപ്‌ന സുരേഷിന്റെ കാര്‍ ഡ്രൈവര്‍ മാത്രമായിരുന്നു. അനീഷിനെ പ്രതി ചേര്‍ത്തത് പോലീസ് പകവീട്ടലാണെന്ന ആരോപണമുയര്‍ന്നുകഴിഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

ഈ വെളിപ്പെടുത്തലുകള്‍ ഗൂഢാലോചനയാണെന്നാരോപിച്ച് മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെയും മാധ്യമപ്രവര്‍ത്തകന്‍ നന്ദകുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയ്‌ക്കെതിരെ മൊഴി നല്‍കാന്‍ പോലീസ് അനീഷിനെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അതിന് അനീഷ് തയാറായില്ല. പോലീസ് ഇംഗിതത്തിന് വഴങ്ങാത്തതിനാലാണ് അനീഷിനെ കേസില്‍ പ്രതിയാക്കിയിരിക്കുന്നത് എന്നുവേണം അനുമാനിക്കാന്‍. അജി കൃഷ്ണനെതിരെ ചാര്‍ജ് ചെയ്ത കേസിനാസ്പനദമായ സംഭവം നടക്കുമ്പോള്‍ അനീഷ് ജില്ലയില്‍ തന്നെ ഉണ്ടായിരുന്നില്ല. പിന്നെ അനീഷ് എങ്ങിനെ പ്രതിയായി എന്ന ചോദ്യത്തിന് പോലീസ് കോടതിയില്‍ കുഴങ്ങുമെന്നുറപ്പാണ്.

Related Articles

Post Your Comments

Back to top button