കാർഷിക നിയമഭേദഗതിക്കെതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി.

തിരുവനന്തപുരം/ കാർഷിക നിയമഭേദഗതിക്കെതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനം ചേർന്നാണ് പ്രമേയം ശബ്‌ദ വോട്ടോടെ സഭ പാസാക്കിയത്. സമ്മേളനത്തിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് സ്‌പീക്കർ സഭയിൽ പറഞ്ഞു. പുതിയ നിയമം കർഷകരിൽ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കി. പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റുകളുടെ താത്പര്യമാണ് സംരക്ഷിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ന്യായ വില ഉറപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറുകയാണ്. മൂന്നു വിവാദ നിയമങ്ങളും പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ഗ്രാമച്ചന്തകള്‍ (മണ്ഡി) തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാറിന്റേത്. കര്‍ഷകരുടേത് ഐതിഹാസിക സമരമാണ്. ഇതുവരെ കാണാത്ത ഇച്ഛാശക്തിയാണ് സമരത്തിനുള്ളത്. പുതിയ നിയമങ്ങള്‍ പ്രകാരം ഗ്രാമച്ചന്തകള്‍ക്ക് പകരം കോര്‍പറേറ്റ് ഔട്ട്‌ലറ്റുകളാണ് വരുന്നത്. കോര്‍പറേറ്റുകളോട് യുദ്ധം ചെയ്യാനുള്ള ശേഷി കര്‍ഷകര്‍ക്കില്ല. കര്‍ഷകര്‍ക്ക് ന്യായ വില ലഭ്യമാക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിയുകയാണ്. മുഖ്യ മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയെ വിമർശിക്കണമെന്ന പ്രതിപക്ഷ ഭേദഗതികൾ തളളിയാണ് പ്രമേയം പാസാക്കിയത്. സർക്കാർ ഉപദേശ പ്രകാരം പ്രവർത്തിക്കാൻ ബാദ്ധ്യസ്ഥനാണ് ഗവർണറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിയമസഭ വിളിക്കുന്നതിൽ ഗവർണർക്ക് വിവേചന അധികാരം ഉപയോഗിക്കാൻ ആകില്ല. ആദ്യ ഘട്ടത്തിൽ ആവശ്യപ്പെട്ടപ്പോൾ ഗവർണർ അനുമതി നൽകും എന്ന് കരുതി. ഗവർണറുടെ നടപടി ശരിയല്ലെന്ന് ആദ്യം തന്നെ അദ്ദേഹത്തെ അറിയിച്ചെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറയുകയുണ്ടായി. പുതിയ കാർഷിക നിയമം സർക്കാരിന്റെ പരിഗണനയിലാണ്. കർഷകർ ഉന്നയിക്കുന്ന യഥാർത്ഥ ആവശ്യം കേന്ദ്രം അംഗീകരിക്കണം. നിയമങ്ങൾ പിൻവലിക്കണമെന്ന് ഒരേസ്വരത്തിൽ ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം പറയുന്നു. കാർഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്‌തുക്കളുടെ വരവ് നിലച്ചാൽ കേരളം പട്ടിണിയിലാകും. തിരക്കിട്ടും കൂടിയാലോചനകൾ ഇല്ലാതെയും കർഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സർക്കാർ നിയമം പാസാക്കിയത്. നിയമ ഭേദഗതി കോർപ്പറേറ്റ് അനുകൂലവും കർഷ വിരുദ്ധവുമാണെന്ന് പ്രമേയത്തിലൂടെ കേരള നിയമ സഭ പറയുന്നു.