ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍

ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയയ്ക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ആണ് അറിയിച്ചിട്ടുള്ളത്. അടുത്ത മന്ത്രിസഭ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
അതേസമയം, കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കായി പ്രഖ്യാപിച്ച വായ്പകള്‍ക്കുളള മൊറട്ടോറിയം തിങ്കളാഴ്ച അവസാനിക്കുകയാണ്. ഡിസംബര്‍ വരെ മൊറട്ടോറിയം നീട്ടണമെന്നും മൊറട്ടോറിയം കാലയളവില്‍ പലിശയും കൂട്ടുപലിശയും ഈടാക്കാനുളള നീക്കം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ മറ്റന്നാള്‍ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.
റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പകളുടെ മൊറട്ടോറിയം കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത് നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിലായിരുന്നു ആറ് മാസത്തെ വായ്പ മൊറട്ടോറിയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരോ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയോ മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെടാത്തത് കൊണ്ട് തിങ്കളാഴ്ച മുതല്‍ വായ്പകള്‍ തിരിച്ചടച്ച് തുടങ്ങേണ്ട അവസ്ഥയായിരുന്നു.
മോറട്ടോറിയം നീട്ടിയ കാലത്തെ പലിശ കൂടി മൊറട്ടോറിയം തെരഞ്ഞെടുത്തവർക്ക് ഇനി തിരിച്ചടവിൽ ചേർക്കപ്പെടും. ഇങ്ങനെ പലിശ ഈടാക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന സർക്കാര്‍ അവശ്യപ്പെടുന്നുണ്ട്. സഹകരണബാങ്കുകളിലെ മോറട്ടോറിയം നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിനും റിസര്‍വ്വ് ബാങ്കിന്‍റെ അനുമതി ലഭിക്കേണ്ടതുണ്ട്.