ബൈക്കില്‍ നിന്നും വീണ വിദ്യാര്‍ഥിയെ നാട്ടുകാര്‍ വളഞ്ഞിട്ടു തല്ലി

തൃശ്ശൂര്‍: തൃശൂരില്‍ ബൈക്കില്‍ നിന്നും വീണ വിദ്യാര്‍ഥിയെ ആഭ്യാസ പ്രകടനം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ വളഞ്ഞിട്ടു തല്ലി. ചീയാരം ഗലീലി ചേതന കോളേജിലെ വിദ്യാര്‍ത്ഥി അമലിനാണ് മര്‍ദ്ദനമേറ്റത്. കൊടകര സ്വദേശി ഡേവിസ് ആണ് വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് കല്ല് വച്ച് ഇടിച്ചത്.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. അമല്‍ തന്റെ സഹപാഠിയുമായി ബൈക്കില്‍ പോകുമ്പോഴാണ് പിറകിലിരുന്ന വിദ്യാര്‍ത്ഥി താഴെ വീണത്. ഇത് കണ്ട് നാട്ടുകാര്‍ ഓടികൂടി അമലിനെ ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതനായ അമല്‍ നാട്ടുകാരനായ ഒരാളുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു.
ഇതേ തുടര്‍ന്ന് നാട്ടുകാരും അമലും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളില്‍ അവസാനിക്കുകയുമായിരുന്നു. സംഘര്‍ഷത്തിനിടയില്‍ കൊടകര സ്വദേശി ഡേവിസ് കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചു. അമലും നാട്ടുകാരെ ഇതിനിടെ മര്‍ദ്ദിച്ചുവെന്ന് പരാതിയുണ്ട്. അമലിന്റെ പരാതിയില്‍ ഒല്ലൂര്‍ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആന്റോ എന്നിവര്‍ക്കെതിരെ കേസെടുത്തു.
അമല്‍ മര്‍ദ്ദിച്ചെന്ന ആന്റോയുടെ പരാതിയില്‍ അമലിനെതിരെയും കേസെടുത്തു. അമലും കൂട്ടുകാരും പ്രദേശത്ത് സ്ഥിരം ബൈക്ക് റേസിംഗ് നടത്താറുണ്ടെന്നും പരാതിയുണ്ട്.