
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ജലൗനില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാണയങ്ങളും വെള്ളി ആഭരണങ്ങളും കണ്ടെത്തി. വീട് പണിക്കിടെയാണ് 1862 -ന് മുമ്പുള്ള നാണയങ്ങളുടെ വലിയ ശേഖരവും വെള്ളി ആഭരണങ്ങളും ലഭിച്ചത്. കോട്വാലി ജലൗനിലെ വ്യാസ് പുര ഗ്രാമത്തിലാണ് സംഭവം. വലിയ ഇരുമ്പ് പെട്ടിക്കുള്ളില്‍ നിറച്ച് മണ്ണില്‍ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. വീട് പണിയ്ക്കായി മണ്ണ് നീക്കം ചെയ്യുന്നതിനിടയില്‍ ഇരുമ്പ് പെട്ടി പുറത്ത് വരുകയായിരുന്നു.
തൊഴിലാളികളാണ് ആദ്യം പെട്ടി കണ്ടത്. എന്നാല്‍ ആശങ്ക മൂലം ആരും പെട്ടി തുറന്നുനോക്കാന്‍ തയ്യാറായില്ല. ഒടുവില്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒറായിയിലെ ഡെപ്യൂട്ടി ജില്ലാ മജിസ്ട്രേറ്റ് രാജേഷ് സിംഗിന്റെ സാന്നിധ്യത്തില്‍ പെട്ടി തുറന്ന് നോക്കിയപ്പോഴാണ് എല്ലാവരും അമ്പരന്നു പോയത്. അതിപുരാതന നാണയങ്ങളും വെള്ളി ആഭരണങ്ങളുമടങ്ങുന്ന ഒരു വലിയ ശേഖരമാണ് പെട്ടിക്കുള്ളില്‍ നിന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് പുരാവസ്തു ഗവേഷണ വിഭാഗത്തെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയും ചെയ്തു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധനയിലാണ് നാണയങ്ങള്‍ 1862 ന് മുമ്പുള്ളതാണെന്ന് കണ്ടെത്തിയത്. പരിശോധനകള്‍ക്ക് ശേഷം കണ്ടെത്തിയ നാണയ ശേഖരവും ആഭരണങ്ങളും ഡെപ്യൂട്ടി ജില്ലാ മജിസ്ട്രേറ്റ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് കൈമാറി.
Post Your Comments