Latest NewsNewsWorld

ഈ യുഗത്തിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ചൈന എന്ന് അമേരിക്ക.

ആധുനിക യുഗത്തിലെ ‘ഈസ്റ്റ് ഇന്ത്യാ കമ്ബനി’യാണ് ചൈന എന്ന് അമേരിക്ക. ദക്ഷിണ ചൈനാക്കടല്‍ തങ്ങളുടെ സ്വത്താണെന്ന ചൈനയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമേരിക്കയുടെ കിഴക്കന്‍ ഏഷ്യന്‍ നയതന്ത്രജ്ഞന്‍ ഡേവിഡ് സ്റ്റില്‍വെല്‍ വ്യക്തമാക്കി. ചൈനാക്കടലിലെ സമ്പത്ത് കണ്ടിട്ടാണ് അവകാശവാദവുമായി ചൈന എത്തിയിരിക്കുന്നത് എന്ന് പറഞ്ഞ ഡേവിഡ് സ്റ്റില്‍വെല്‍ ചൈനയ്ക്ക് ശക്തമായ താക്കീത് നൽകിയിരിക്കുകയാണ്.

ദക്ഷിണ ചൈനാ കടലില്‍ സമ്പൂർണ്ണ ആധിപത്യം ചൈന ആഗ്രഹിക്കുമ്പോൾ മലേഷ്യ, തയ്വാന്‍, വിയറ്റ്നാം, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളും ഈ കടലിന് മേല്‍ അവകാശവാദം ഉന്നയിക്കുകയാണ്. ദക്ഷിണ ചൈനാ കടലിനു മേലുള്ള ചൈനയുടെ അവകാശവാദങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ നേരെത്തെ പ്രഖ്യാപിച്ചിരുന്നതാണ്. മൈക്ക് പോംപെക്ക് പിറകെയാണ് വാക്കുകളുടെ മുന ഒരല്പം കൂടി കടുപ്പിച്ചുകൊണ്ടു ‌ ഡേവിഡ് സ്റ്റില്‍വെല്‍ രംഗത്തു വന്നത്. ഇരുവരുടെയും പ്രസ്താവനയിൽ നിന്ന് ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ അവകാശവാദം യുഎസ് അംഗീകരിച്ചു കൊടുക്കില്ലെന്ന് തന്നെയാണ് മുന്നറിയിപ്പ് നൽകുന്നത്.

ചൈനയെ ആധുനിക യുഗത്തിലെ ഈസ്റ്റ് ഇന്ത്യാ കമ്പനി എന്നാണ് ഡേവിഡ് സ്റ്റില്‍വെല്‍ വിശേഷിപ്പിച്ചത്. ഭൂപ്രദേശങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനും രാജ്യങ്ങളുടെ തങ്ങളുടെ ചൊല്‍പ്പടിക്കുന്നത് നിര്‍ത്തുന്നതിനു വേണ്ടിയാണ് ചൈന തങ്ങളുടെ ഊര്‍ജ്ജവും വിഭവങ്ങളും കൂടുതലായി ഉപയോഗിക്കുന്നത്. രാജ്യാന്തര പാതകള്‍ കടന്നു പോകുന്ന ഇടമായതിനാലും ധാരാളംമൽസസ്യ സമ്പത്തും ലക്‌ഷ്യം വെച്ചാണ് ചൈന ഈ പ്രദേശം വേണമെന്ന് ആഗ്രഹിക്കുന്നത്. ചൈനയുടെ നീക്കം മറ്റു രാജ്യങ്ങളുടെ മത്സ്യബന്ധനം അടക്കമുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഡേവിഡ് സ്റ്റില്‍വെല്‍ വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണ ചൈനാ കടലിനെ തങ്ങളുടെ സമുദ്രസാമ്രാജ്യമാക്കി അനുഭവിക്കാന്‍ അനുവദിക്കില്ലെന്നാണ് യു എസ് ഇതോടെ ഉറച്ച സ്വരത്തിൽ പറഞ്ഞിരിക്കുന്നത്.

ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ അധീനതയിലാണെന്നും ഇവിടത്തെ ദ്വീപുകള്‍ തങ്ങളുടേതാണെന്നുമുള്ള ചൈനയുടെ അവകാശവാദത്തെ ബ്രൂണെയ്, മലേഷ്യ, ഫിലിപ്പീന്‍സ്, തയ്വാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ എതിര്‍ത്തതോടെയാണ് ഈ മേഖലയിൽ സംഘര്‍ഷം മുറുകിയത്. വന്‍തോതില്‍ എണ്ണ, വാതക നിക്ഷേപമുള്ളതാണ് മേഖല എന്നതലേക്കാണ് ചൈന മുഖ്യമായും കണ്ണുവെച്ചിരിക്കുന്നത്.

ദക്ഷിണ ചൈന കടലില്‍ ചൈന സ്ഥാപിച്ച കൃത്രിമ ദ്വീപുകള്‍ പിടിച്ചെടുക്കുമെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. പാരസെല്‍ ദ്വീപുകള്‍ക്കു 12 നോട്ടിക്കല്‍ മൈലിൽ ദൂരത്ത് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ പതിവായി നിരീക്ഷണം നടത്തുന്നത് ഒരു മുന്നറിയിപ്പ് എന്നപോലെയാണ്. ട്രീ, ലിങ്കണ്‍, ട്രിറ്റണ്‍, വൂഡി ദ്വീപുകളിലും യുഎസ് കപ്പലുകള്‍ പരിശോധന നടത്തിയിരുന്നു. ദ്വീപുകള്‍ നിര്‍മ്മിച്ചിരിക്കുന്ന കടല്‍ ഭാഗങ്ങള്‍ രാജ്യാന്തര പാതയുടെ ഭാഗമാണെന്നും ഇവിടെ ഏതു രാജ്യങ്ങളുടെ കപ്പലുകള്‍ക്കും സഞ്ചരിക്കാമെന്നുമാണ് യുഎസ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button