വനിതാ പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടു പോയി രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് ഭീക്ഷണി

പാലക്കാട് / നെന്മാറയിൽ വനിതാ പഞ്ചായത്ത് അംഗത്തെ കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയി രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന്ഭീക്ഷണിപ്പെടുത്തിയതായി പരാതി. നെന്മാറ പഞ്ചായത്തിലെ കോൺഗ്രസ് അംഗം സുനിതാ സുകുമാരൻ തുടർന്ന് പോലീസിൽ പരാതി നൽകി. ശനിയാഴ്ച വൈകീട്ട് വിധവാ പെൻഷൻ സംബന്ധിച്ച ഫോമുകൾ നൽകാൻ വീടുകളിൽ പോകുമ്പോഴാണ് കറുത്ത കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയെന്ന് സുനിത പരാതിയിൽ പറഞ്ഞിരിക്കുന്നത്.
രാഷ്ട്രീയം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഘം കുടുംബം വേണോ രാഷ്ട്രീയം വേണോ എന്ന് ചോദിച്ചതായും, സുനിത തനിക്ക് കുടുംബം മതി എന്ന് പറഞ്ഞതോടെ സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇറക്കിവിട്ട് അക്രമികൾ കടന്നു കളയുകയായിരുന്നുവെന്നും സുനിത പരാതിയിൽ പറഞ്ഞിരിക്കുന്നു. സംഭവത്തിൽ നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സി.പി.എമ്മാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. നെന്മാറയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒൻപത് വീതം അംഗങ്ങളാണുള്ളത്. പ്രസിഡണ്ട് സ്ഥാനം നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ലഭിച്ചിരുന്നു. നിലവിലെ ഭരണ സമിതിയെ രാജിവെപ്പിച്ച് ഭരണം പിടിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നതെന്നാണ് ഇക്കാര്യത്തിൽ കോൺഗ്രസ് ആരോപിക്കുന്നത്. സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് രമ്യാ ഹരിദാസ് എം പി ആവശ്യപ്പെട്ടുണ്ട്.