വനിതാ ഐപിഎല്‍ അടുത്ത മാര്‍ച്ചില്‍, നാലാഴ്ച നീണ്ടുനില്‍ക്കും
NewsSports

വനിതാ ഐപിഎല്‍ അടുത്ത മാര്‍ച്ചില്‍, നാലാഴ്ച നീണ്ടുനില്‍ക്കും

മുബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വനിതാ ഐപിഎല്‍ ടൂര്‍ണമെന്റ് 2023 മാര്‍ച്ചില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. വനിതകളുടെ ആഭ്യന്തര കലണ്ടറില്‍ ഇത് സംബന്ധിച്ച് ബോര്‍ഡ് മാറ്റങ്ങള്‍ വരുത്തി. ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റാകും നടക്കുക. അഞ്ച് ടീമുകളാകും മത്സരത്തില്‍ ഉണ്ടാകുകയെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിന് ശേഷമായിരിക്കും വനിതാ ഐപിഎല്‍ നടക്കുക.

2022-23 ലെ സീനിയര്‍ വനിതാ സീസണ്‍, ഒക്ടോബര്‍ 11-ന് ട്വന്റി20 മത്സരത്തോടെ ആരംഭിക്കുകയും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്റര്‍ സോണല്‍ ഏകദിന മത്സരത്തോടെ അവസാനിക്കുകയും ചെയ്യും. 2018 മുതല്‍ ഐപിഎല്‍ സമയത്ത് ബിസിസിഐ വനിതാ ട്വന്റി20 ചലഞ്ച് സംഘടിപ്പിക്കുന്നുണ്ട്. 2021 കോവിഡിനെ തുടര്‍ന്ന് മത്സരം റദ്ദാക്കിയിരുന്നു. ആദ്യ സീസണില്‍ രണ്ട് ടീമുകള്‍ തമ്മിലുള്ള എക്‌സിബിഷന്‍ മത്സരമായി കളിച്ചിരുന്ന ടൂര്‍ണമെന്റ് നിരവധി പ്രമുഖ വിദേശ കളിക്കാര്‍ കൂടി എത്തിയതോടെ മൂന്ന് ടീമുകളുടെ മത്സരമായി മാറി. പിന്നാലെ പുരുഷന്മാരുടെ ഐപിഎല്‍ മാതൃകയില്‍ മത്സരം നടത്തണമെന്ന മുറവിളി ശക്തമായി.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വനിതാ ഐപിഎല്‍ ടൂര്‍ണമെന്റ് 2023ല്‍ നടക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വനിതാ ഐപിഎല്‍ ഒരു വിപ്ലവത്തിന് വഴിയൊരുക്കുമെന്നും ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന്റെ നിലവാരം കുതിച്ചുയരുമെന്നുമാണ് ക്രിക്കറ്റ് പ്രേമികളുടെ വിശ്വാസം.

Related Articles

Post Your Comments

Back to top button