മൂന്നാമത്തെ പിഴവ്: ജലീലിനെ കൈവിടാനൊരുങ്ങി സിപിഎം
NewsKeralaPolitics

മൂന്നാമത്തെ പിഴവ്: ജലീലിനെ കൈവിടാനൊരുങ്ങി സിപിഎം

കൊച്ചി: മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതോടെ അദ്ദേഹത്തെ കൈവിടാനൊരുങ്ങി സിപിഎം. ആദ്യം മലപ്പുറം എ.ആര്‍. നഗര്‍ സഹകരണ ബാങ്കിലെ അഴിമതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന ആവശ്യവുമായി ജലീല്‍ രംഗത്തെത്തി. ഇതിനെ പാര്‍ട്ടിയും മുഖ്യമന്ത്രിയും തള്ളി ജലീലിന് മുന്നറിയിപ്പ് നല്‍കിയതാണ്. അടുത്ത വിവാദം പുറത്തുവന്നത് സ്വപ്‌നയുടെ വെളിപ്പെടുത്തലിലൂടെയാണ്.

മാധ്യമം ദിനപത്രത്തിന്റെ യുഎഇ എഡിഷന്‍ പൂട്ടിക്കുവാന്‍ യുഎഇ ഭരണാധികാരിക്ക് മന്ത്രിയെന്ന നിലയില്‍ കത്ത് നല്‍കി എന്ന കാര്യം പുറത്തുവന്നത് ജലീല്‍ നിഷേധിച്ചില്ല. ഇതിനെ തള്ളി പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും രംഗത്തെത്തി. ഇക്കാര്യത്തില്‍ ജലീലിന് വീണ്ടും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ അടുത്ത വിവാദവും വന്നിരിക്കുകയാണ്. കഴിഞ്ഞദിവസം ജലീല്‍ നടത്തിയ ആസാദ് കശ്മീര്‍ എന്ന വിവാദ പരാമര്‍ശം പാര്‍ട്ടി തള്ളി.

ജലീലിന്റെ നിലപാട് പാര്‍ട്ടിയുടേതല്ലെന്ന് കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തുടര്‍ന്ന് ജലീല്‍ പോസ്റ്റ് പിന്‍വലിച്ചു. നിയമസഭ സമിതിയുടെ ഭാഗമായി കശ്മീര്‍ സന്ദര്‍ശനം നടത്തിയ ജലീല്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ജലീലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയാല്‍ സ്പീക്കര്‍ക്ക് നടപടി എടുക്കാതിരിക്കാനാവില്ല. ജലീലിനെതിരെ നിലവില്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ലഭിച്ച പരാതിയില്‍ നിയമോപദേശത്തിന് ശേഷമേ കേസെടുക്കൂ എന്ന നിലപാടിലാണ് പോലീസ് എന്നാണ് അറിയാന്‍ കഴിയുന്നത്. ജലീലിനെ സംരക്ഷിക്കേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാടുമായി ജലീല്‍ മുന്നോട്ടുപോവുകയാണെങ്കില്‍ പാര്‍ട്ടി നേരിട്ട് നടപടി എടുക്കുന്നതിനേക്കാള്‍ പ്രതിപക്ഷത്തിന്റെ പരാതി പരിഗണിച്ച് ജലീലിനെതിരെ നടപടികള്‍ തടയാതിരിക്കുക എന്ന തന്ത്രമാവും സ്വീകരിക്കുക.

Related Articles

Post Your Comments

Back to top button