കോണ്‍ഗ്രസിന് ഇത് തിരിച്ചുവരവിന്റെ ഉജ്ജ്വലമുഹൂര്‍ത്തം: വാണിദാസ് എളയാവൂര്‍
KeralaNewsLocal News

കോണ്‍ഗ്രസിന് ഇത് തിരിച്ചുവരവിന്റെ ഉജ്ജ്വലമുഹൂര്‍ത്തം: വാണിദാസ് എളയാവൂര്‍

കണ്ണൂര്‍: രാഷ്ട്രരക്ഷയ്ക്ക് രാഷ്ട്രീയ ജാഗ്രത എന്ന മുദ്രാവാക്യവുമായി ഡിസിസി പ്രസിഡണ്ട് നയിക്കുന്ന ആസാദി കി ഗൗരവ് പദയാത്രയ്ക്ക് ദേശീയപതാക കൈമാറി സംസാരിക്കുകയായിരുന്നു പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവുമായ വാണിദാസ് എളയാവൂര്‍. ഇന്നലെ വൈകുന്നേരം വാണിദാസ് എളയാവൂരിന്റെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ജാഥാ നായകന്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജിന് വാണിദാസ് എളയാവൂര്‍ ദേശീയപതാക കൈമാറിയത്. ജനാധിപത്യ, മതേതര പ്രസ്ഥാനത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് കാണുന്നതെന്ന് വാണിദാസ് എളയാവൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റേതു പോലെ തെളിവുറ്റതും പുരോഗമനപരവുമായ പ്രത്യയശാത്രം അവകാശപ്പെടാന്‍ കഴിയുന്ന വേറൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്നില്ലെന്ന് വാണിദാസ് എളയാവൂര്‍ പറഞ്ഞു. രാഷ്ട്രസേവനം ജീവിതലക്ഷ്യമായി കണ്ട് ആത്മത്യാഗം വരിച്ച മഹാരഥന്മാരുടെ പെരുനിര സാരഥ്യം വഹിക്കുന്ന വേറൊരു സംഘടനയുമില്ല. എല്ലാം മറന്ന പോലെ കാലം അത് നിശബ്ദമാക്കിക്കളഞ്ഞു.

നിശബ്ദതയുടെ പരിവേഷമണിഞ്ഞു കിടക്കുന്ന കോണ്‍ഗ്രസിന് ഒരു പുനര്‍ജനി കൈവന്നതായി തോന്നുകയാണ്. പുനര്‍ജനി വന്ന കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഉജ്ജ്വലമുഹൂര്‍ത്തമാണിതെന്നും വാണിദാസ് എളയാവൂര്‍ പറഞ്ഞു. മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍, നേതാക്കളായ സുരേഷ്ബാബു എളയാവൂര്‍, കെ.സി. മുഹമ്മദ് ഫൈസല്‍, അഡ്വ. റഷീദ് കവ്വായി, റിജില്‍ മാക്കുറ്റി, എം.ആര്‍. മായന്‍, മുഹമ്മദലി കൂടാളി, പ്രദീപന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Post Your Comments

Back to top button