ഇത്തവണ തൃക്കാക്കര കനിഞ്ഞു: കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഇന്ന് മുതല്‍
NewsKerala

ഇത്തവണ തൃക്കാക്കര കനിഞ്ഞു: കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഇന്ന് മുതല്‍

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പേടിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം ഇന്ന് മുതല്‍ വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന കെഎസ്ആര്‍ടിസിക്ക് ധനവകുപ്പ് അധികമായി 30 കോടി രൂപ അനുവദിച്ചു. ഇന്നലെ ഗതാഗതമന്ത്രി ആന്റണി രാജു ധനമന്ത്രി കെ.എന്‍. ബാലഗോപാലുമായി ആശയവിനിമയം നടത്തിയിരുന്നു.

തുടര്‍ന്ന് അധിക ധനസഹായത്തിനായി അപേക്ഷ നല്‍കി. ഇതോടെയാണ് ജീവനക്കാര്‍ക്ക് ചെറിയ പ്രതീക്ഷ ഉണ്ടായത്. ഇന്ന് ശമ്പളക്കാര്യത്തില്‍ ധനമന്ത്രിയുമായി ഗതാഗതമന്ത്രി അവസാനവട്ട ചര്‍ച്ച നടത്തും. മെയ് 20 ആയിട്ടും ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനാവത്തതിനാല്‍ സിപിഎമ്മിന്റെ തൊഴിലാളി യൂണിയനായ സിഐടിയു അടക്കം സമരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. തൊഴിലാളി യൂണിയനുകള്‍ പണിമുടക്കാതെ പ്രതിഷേധ പരിപാടികളുമായി എത്തിയതും സര്‍ക്കാരിന് തലവേദനയാണ്.

മാത്രമല്ല ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പ്രചാരണത്തിനിറങ്ങുമെന്ന വിവരം പുറത്തായതോടെയാണ് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ബദ്ധപ്പെട്ട് തീരുമാനമെടുത്തത്. ഇതുവരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടതിന്റെ ഉത്തരവാദിത്തം മാനേജ്‌മെന്റിന് മാത്രമാണെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ തൊഴിലാളികള്‍ തങ്ങള്‍ക്കെതിരെ പ്രചാരണത്തിറങ്ങുമെന്ന് ഉറപ്പായതോടെയാണ് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വന്നത്.

കെഎസ്ആര്‍ടിസിയിലെ ശമ്പളപ്രശ്നം തൃക്കാക്കരയില്‍ പ്രചാരണവിഷയമാക്കാനുള്ള പ്രതിപക്ഷ തീരുമാനവും ശമ്പളമില്ലാതെ പ്രതിസന്ധിയിലായ ജീവനക്കാര്‍ തൃക്കാക്കരയിലെത്തുന്നത് തിരിച്ചടിയാകുമെന്ന പേടിയും നടപടികള്‍ വേഗത്തിലാക്കി. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തിനിടെ ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെയും മന്ത്രി ആന്റണി രാജുവിനെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു.

ഇന്നലെയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടന്നു. ശമ്പളം കിട്ടാതെ ദുരിതത്തിലായ ജീവനക്കാരെ പ്രകോപിപ്പിക്കുന്ന നിലപാടില്‍ നിന്നു പിന്മാറാന്‍ ആന്റണി രാജുവിനോടു സര്‍ക്കാരും എല്‍ഡിഎഫ് നിര്‍ദേശിക്കുകയും ചെയ്തു. ശമ്പളത്തിന് വേണ്ടിയുള്ള സമരത്തെ അധിക്ഷേപിക്കുന്ന മട്ടില്‍ മന്ത്രി നേരത്തേ നടത്തിയ പരാമര്‍ശങ്ങള്‍ എല്‍ഡിഎഫിലെ ഘടകകക്ഷികളില്‍ നിന്നും തൊഴിലാളി യൂണിയനുകളില്‍നിന്നും രൂക്ഷമായ വിമര്‍ശനമാണു വിളിച്ചുവരുത്തിയിരുന്നത്.

Related Articles

Post Your Comments

Back to top button