കേരളത്തിൽ മൂന്ന് കോവിഡ് മരണങ്ങൾ കൂടി.

കേരളത്തിൽ കോവിഡ് ബാധിച്ച് മൂന്ന് മരണങ്ങൾ കൂടി ഉണ്ടായി. ഇന്നലെ മരിച്ച കോഴിക്കോട് സ്വദേശികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ച കാരപ്പറമ്പ് സ്വദേശി റുഖിയാബിക്കും പന്നിയങ്കര നിരീക്ഷണത്തിലിരിക്കെ മരിച്ച മുഹമ്മദ് കോയക്കും, വെള്ളിയാഴ്ച രാവിലെ മരിച്ച എറണാകുളം തൃക്കാക്കര കരുണാലയം അന്തേവാസിയായ ആനി ആന്റണിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എറണാകുളം ജില്ലയിൽ ആലുവ ക്ലസ്റ്ററിലാണ് ഏറ്റവുമധികം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആലുവ ക്ലസ്റ്ററിൽ 45 പേർക്കാണ് വ്യാഴാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. ആലുവ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററായ തൃക്കാക്കര നഗരസഭയിൽ മാത്രം 55 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 34 പേർ കരുണാലയത്തിലെ അന്തേവാസികളാണ്. ഇവർ കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലയറിന്റെ സമ്പർക്ക പട്ടികയിലുള്ളവരാണ്. പ്രായമായ ഒട്ടനവധി അന്തേവാസികളാണ് കരുണാലയത്തിലുള്ളത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുളള 15 പൊലീസുകാർ നിരീക്ഷണത്തിലാണ്. മറ്റ് സമ്പർക്കപ്പട്ടിക തയ്യാറാക്കി വരുന്നതായി ആരോഗ്യ വിഭാഗം എറണാകുളം ജില്ലയിൽ 6 പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ ആശങ്കയിൽ ആലുവ നഗരസഭയിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലും ഏർപ്പെടുത്തിയ കർഫ്യൂ തുടരുകയാണ്.