
മൊഹാലി: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ഹരിയാനയ്ക്കെതിരെ ഉഗ്രന്‍ വിജയം. മുന്‍നിര ബാറ്റര്‍മാരായ സഞ്ജു സാംസണ്, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദീന് മുതലായവര്‍ പരാജയപ്പെട്ടപ്പോള്‍ വാലറ്റത്ത് നിന്ന് പൊരുതി കേരളത്തെ വിജയതീരത്തെത്തിച്ച അബ്ദുള്‍ ബാസിതാണ് ഇന്ന് കേരളത്തിന്റെ ഹീറോ. 15 ബോളില്‍ നിന്ന് 27 റണ്‍സെടുത്ത ബാസിതിന്റെ പ്രകടനമാണ് ഹരിയാന ഉയര്‍ത്തിയ 131 എന്ന വിജയലക്ഷ്യം മറികടക്കാന്‍ സഹായകമായത്.
മൂന്ന് വിക്കറ്റിനാണ് കേരളം ഹരിയാനയെ പരാജയപ്പെടുത്തിയത്. 90 റണ്‍സ് എടുക്കുമ്പോഴേക്കും ആറ് വിക്കറ്റ് നഷ്ടപ്പെട്ട കേരളം ഒരുഘട്ടത്തില്‍ പരാജയപ്പെടുമെന്ന അവസ്ഥയിലായിരുന്നു. അവിടെ നിന്നാണ് സിജോമോന്‍ ജോസഫിനെയും (13) മനു കൃഷ്ണനെയും കൂട്ടുപിടിച്ച് ബാസിത് വിജയപ്പിച്ചത്. സഞ്ജു (മൂന്ന്), സച്ചിന് ബേബി (നാല്), അസ്ഹറുദീന് (13) എന്നിവര്‍ ബാറ്റിംഗില്‍ തീര്‍ത്തും നിറം മങ്ങി. ടോസ് നേടിയ കേരള ക്യാപ്റ്റന്‍ ബൗളിംഗാണ് തിരഞ്ഞെടുത്തത്.
ഇത്തവണ ന്യൂബോള്‍ നല്‍കിയത് അബ്ദുള്‍ ബാസിത്തിനാണ്. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത് തന്നെ ഏല്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി. അങ്കിത് കുമാറാണ് ബാസിതിന്റെ ബൗളിംഗില്‍ പവലിയിനിലേക്കെത്തിയത്. ആദ്യ ബോളില്‍ തന്നെ വിക്കറ്റ് തെറിച്ചതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ പിന്നെ ഹരിയാനയ്ക്ക് സാധിച്ചില്ല. മനു കൃഷ്ണനും വൈശാഖും ബേസില്‍ തമ്പിയുമെല്ലാം വളരെ മികച്ച രീതിയില്‍ ബൗള്‍ ചെയ്തു.
ആദ്യ രണ്ട് കളികളിലും മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഹരിയാനയ്ക്ക് കേരളത്തിനെതിരെ ആ മികവ് പുറത്തെടുക്കാനായില്ല. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമേ അവര്‍ക്ക് സ്കോര്‍ ചെയ്യാനായുള്ളൂ. കേരളത്തിന് വേണ്ടി പന്തെറിഞ്ഞ ആറ് ബൗളര്‍മാര്‍ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ച.ു ഹരിയാന നിരയില്‍ ഒരാള്‍ റണ്ണൗട്ടായി. 30 റണ്‍സെടുത്ത സുമിത് കുമാറാണ് ഹരിയാനയുടെ ടോപ് സ്കോറര്‍. കേരളത്തിനായി ഓപ്പണ്‍ ചെയ്ത വിഷ്ണു വിനോദും രോഹന് കുന്നുമ്മലും മികച്ച തുടക്കമാണ് നല്‍കിയത്.
എന്നാല്‍ രോഹന് കുന്നുമ്മല്‍ ഔട്ടായതിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു, അസ്ഹറുദീന്, സച്ചിന് ബേബി, കൃഷ്ണപ്രസാദ് എന്നിവര്‍ നിരാശപ്പെടുത്തി. പിന്നീടാണ് സിജോമോന്‍ ജോസഫിനൊപ്പം ബാസിത് ക്രീസിലെത്തിയത്. തകര്‍ത്താടിയ ബാസിത് ഹരിയാനയുടെ വിജയപ്രതീക്ഷകളെ തല്ലിക്കെടുത്തി. കളി തീരാന്‍ ഒരു ഓവര്‍ ബാക്കിനില്‍ക്കെ കേരളം വിജയലക്ഷ്യത്തിലെത്തി.
Post Your Comments