പ്രധാനമന്ത്രിയെ പിന്തുടര്‍ന്ന് തൃശൂര്‍
NewsKeralaNational

പ്രധാനമന്ത്രിയെ പിന്തുടര്‍ന്ന് തൃശൂര്‍

തൃശൂര്‍: പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ വാക്കുകള്‍ പിന്തുടര്‍ന്ന് തൃശൂര്‍ ജില്ല. ജില്ലയിലെ കടല്‍ത്തീരങ്ങള്‍ കടലെടുത്തുപോകുന്നത് തടയാന്‍ കരിമ്പന നട്ടുപിടിപ്പിക്കുകയാണ് തൃശൂരുകാര്‍. ഇതിന് പ്രചോദനമായത് പ്രധാനമന്ത്രിയുടെ വാക്കുകളും. പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മന്‍ കി ബാത്തില്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ കടല്‍ത്തീരത്ത് കരിമ്പനകള്‍ നട്ടുവളര്‍ത്തിയ കാര്യം പ്രതിപാദിച്ചിരുന്നു. തൂത്തുക്കുടിയിലെ കടല്‍ത്തീരങ്ങള്‍ കടലെടുത്ത് പോകുന്നത് തടയാനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പദ്ധതി ആവിഷ്‌കരിച്ചത്.

വിജയകരമായ ഈ പദ്ധതിയെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇതിന് പിന്നാലെയാണ് കേരള സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. തൃശൂര്‍ ചാവക്കാട് പഞ്ചവടി കടപ്പുറത്താണ് പദ്ധതി നടപ്പിലാക്കുന്നത്. വനം വന്യജീവി വകുപ്പും സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും ചേര്‍ന്നാണ് പദ്ധതിക്ക് മുന്‍കൈ എടുത്തിരിക്കുന്നത്. പഞ്ചവടി കടപ്പുറത്ത് 300 വിത്തുകള്‍ പാകി പദ്ധതിക്ക് തുടക്കമിട്ടുകഴിഞ്ഞു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് നിന്നുമെത്തിച്ച വിത്തുകളാണ് കടലില്‍ നിന്ന് ഇരുനൂറ് മീറ്റര്‍ മാറി മൂന്ന് മീറ്റര്‍ അകലത്തില്‍ നട്ടുപിടിപ്പിച്ചത്.

ജൂലായില്‍ വനമഹോത്സവവുമായി ബന്ധപ്പെട്ട് ബ്ലാങ്ങാട്, കടപ്പുറം ഭാഗങ്ങളില്‍ കൂടുതല്‍ കരിമ്പനവിത്തുകള്‍ നടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദ്വീപുകള്‍ക്ക് ചുറ്റുമുള്ള പവിഴപ്പുറ്റുകളെ നിലനിര്‍ത്താന്‍ കരിമ്പനകള്‍ സഹായിക്കുമെന്നുള്ളതാണ് തീര സംരക്ഷണത്തിന് ഇവയെ ഉപയോഗിക്കുന്നത്. കരിമ്പനയ്ക്ക് ആഴത്തിലുള്ള നാരുവേര് പടലങ്ങളുണ്ട്. കരിമ്പനയുടെ നാരുവേര് പടലങ്ങള്‍ ഒരു ബെല്‍റ്റ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഈയൊരു പ്രത്യേകതയുള്ളതിനാല്‍ ഇവക്കു മണ്ണൊലിപ്പ് തടയാന്‍ കഴിയും. മാത്രമല്ല സസ്യത്തിന്റെ ചെറുപ്പത്തില്‍തന്നെ ഇവ മണ്ണില്‍ പ്രവര്‍ത്തിച്ച് തുടങ്ങുകയും ചെയ്യും.

ഉപ്പിന്റെ അംശമുള്ള മണ്ണില്‍ ഇവ നന്നായി വളരുകയും ചെയ്യും. പരീക്ഷണാടിസ്ഥാനത്തിലാണ് തീരദേശങ്ങളില്‍ പദ്ധതി തുടങ്ങിയതെന്ന് തൃശൂര്‍ റേഞ്ച് സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.കെ. രഞ്ജിത് വ്യക്തമാക്കി. തമിഴ്നാട്ടില്‍ ഫലപ്രദമായ പശ്ചാത്തലത്തില്‍ കേരളത്തിലും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒരര്‍ഥത്തില്‍ മണ്ണൊലിപ്പ് തടയുകയും കടല്‍ ആക്രമണത്തെ പ്രതിരോധിക്കുകയും ചെയ്യുക എന്നുള്ളത് മാത്രമല്ല കരിമ്പന കൊണ്ടുള്ള ഉപയോഗം. ഒരു വിവിധോപയോഗ വൃക്ഷം കൂടിയാണ് കരിമ്പന.

കരിമ്പനയുടെ നൊങ്ക് ദാഹശമനിക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഇത് ഒന്നാന്തരം പോഷകവുമാണ്. കരിമ്പനയില്‍ നിന്ന് കരിപ്പൊട്ടിയും പനംകല്‍ക്കണ്ടവും ലഭിക്കുന്നുമുണ്ട്. നല്ല ബലമുള്ള കയറുകള്‍ ഉണ്ടാക്കുവാനും കരിമ്പനകള്‍ ഉപയോഗിക്കുന്നുണ്ട്. കരിമ്പനപ്പട്ടകളോട് ചേര്‍ന്നുള്ള ഒരു മീറ്ററോളം നീളമുള്ള തണ്ടിന്റെ പുറത്തെ തൊലിഭാഗത്തെ ബലമുള്ള നാരുകള്‍ പിരിച്ചെടുത്ത് ഉണ്ടാക്കുന്ന കയറുകള്‍ക്ക് ഈര്‍പ്പത്തെ പ്രതിരോധിക്കാന്‍ അസാമാന്യമായ കഴിവുണ്ടെന്നുള്ളതും പ്രത്യേകതയാണ്. പനന്തടി ഉപയോഗിച്ച് ഫര്‍ണിച്ചറും നിര്‍മിക്കുന്നുണ്ട്.

പനന്തടി പോളിഷ് ചെയ്ത് നിര്‍മ്മിക്കുന്ന ഫര്‍ണിച്ചറുകള്‍ രാജ്യത്തുനിന്നും കയറ്റി അയയ്ക്കുന്നവയില്‍ പ്രധാനപ്പെട്ടതാണ്. പ്രധാനമന്ത്രിയുടെ മന്‍കി ബാത്തിലൂടെ തൂത്തുക്കുടിയിലെ കടലാക്രമണ പ്രതിരോധം മാത്രമല്ല കരിമ്പനയുടെ ഉപയോഗങ്ങളും ചര്‍ച്ചയാവുകയാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് തമിഴ്‌നാട്ടില്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്. പ്രസ്തുത പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ പ്രത്യേക ഫണ്ടും നീക്കി വയ്ക്കാറുണ്ട്. തീരദേശത്തെ കാറ്റിനെ പ്രതിരോധിക്കുന്ന കരിമ്പനകള്‍ക്ക് രോഗബാധ കുറവും പ്രതിരോധശേഷി കൂടുതലുമാണ്. മാത്രമല്ല ഒരു കരിമ്പനയ്ക്ക് നൂറു വര്‍ഷത്തോളം ആയുസുമുണ്ട്.

Related Articles

Post Your Comments

Back to top button