തീ പാറുന്ന മത്സരം; ഫുഡ് ഡലിവറിയിൽ ആമസോണും; വെച്ചടി വെച്ചടി മുന്നേറ്റം

ബംഗ്ലൂരു: സ്വിഗിക്കും സൊമാറ്റോയ്ക്കും ഇനി പഴയ പോലെയല്ല കാര്യങ്ങൾ. ഓൺലൈൻ ഫുഡ് ഡലിവറിയിൽ ആമസോൺ ഫുഡ് കൂടി എത്തിയതോടെ തീ പാറുന്ന മത്സരമായി. പാർട്ണർ റസ്റ്റോറൻ്റുകളിൽ നിന്ന് 20 മുതൽ 25 ശതമാനം കമ്മീഷൻ പറ്റിക്കൊണ്ടാണ് സ്വിഗിയും സൊമാറ്റോയും ഭക്ഷണപ്പൊതി വീട്ടുപടിക്കൽ എത്തിക്കുന്നത്.
ആമസോൺ ഫുഡ് കമ്മീഷൻ പത്തു ശതമാനമാക്കി കുറച്ചതോടെ റസ്റ്റോറൻ്റുകളും ഹാപ്പി, ജനവും ഹാപ്പി. ബംഗലുരുവിൽ കഴിഞ്ഞ മെയ് മാസം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ആമസോൺ ഫുഡ് വെച്ചടി വെച്ചടി മുന്നേറുകയാണ്. ബംഗലുരു നഗരത്തിൻ്റെ നാലു കേന്ദ്രങ്ങളിലായിരുന്നു തുടക്കം. ഇപ്പോഴത് 62 കേന്ദ്രങ്ങളായി വളർന്നിരിക്കുന്നു.
പ്രൈം മെമ്പർഷിപ്പ് കൂടുതൽ ആളുകൾക്ക് നൽകി മാർക്കറ്റ് പിടിക്കാനാണ് ആമസോൺ ഫുഡ് ശ്രമിക്കുന്നത്. തുടക്കം എന്ന നിലയ്ക്ക് പാക്കേജിങ് ഫീസ് അവർ പകുതിയായി കുറച്ചതോടെ എതിരാളികൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. ഏതാണ്ട് 20 ലക്ഷം ഓൺലൈൻ ഓർഡറുകൾ ഒരു ദിവസം ഈ കമ്പനികൾ എല്ലാം കൂടി രാജ്യത്ത് കൈകാര്യം ചെയ്യുന്നുണ്ട്.
കൊറോണ കാലത്തും മുമ്പുണ്ടായിരുന്ന ബിസിനസ്സിൻ്റെ 75 ശതമാനത്തോളം
നടക്കുന്നു. ആമസോൺ ഫുഡിൻ്റെ പ്രൈം മെമ്പർഷിപ്പിനെ നേരിടാൻ സ്വിഗ്ഗി അവരുടെ സൂപ്പർ സബ്സ്ക്രിപ്ഷൻ സ്കീം പൊളിച്ചെഴുതി കൂടുതൽ ആകർഷകമാക്കാൻ ശ്രമിക്കുന്നുണ്ട്. മത്സരം കൊഴുക്കുന്നതോടെ ജനത്തിന് നല്ല സേവനം കുറഞ്ഞ നിരക്കിൽ കിട്ടുമെന്ന് ഉറപ്പ്.