എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിട നല്‍കും; സംസ്‌കാരം രാത്രി 12ന്
NewsWorld

എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിട നല്‍കും; സംസ്‌കാരം രാത്രി 12ന്

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിട നല്‍കും. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നടന്നുവരുന്ന പൊതുദര്‍ശനം ഇന്ന് രാവിലെ 11 മണിക്ക് അവസാനിക്കും. രാത്രി 12 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇന്ന് രാവിലെ 11നു വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നിന്ന് കൊട്ടാരത്തിലേക്കു നീളുന്ന ‘ദ് ലോങ് വോക്’ നിരത്തിലൂടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പേടകം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലേക്കു കൊണ്ടുപോകും. യാത്രയില്‍ സൈനികര്‍ അകമ്പടിയേകും.

കഴിഞ്ഞവര്‍ഷം മരിച്ച ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികെ, കിങ് ജോര്‍ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലിലാണു രാജ്ഞിയുടെ അന്ത്യവിശ്രമ ഒരുക്കിയിരിക്കുന്നത്. യുകെയിലെ സിനിമ തിയറ്ററുകളിലും നഗരങ്ങളിലെ പ്രധാന തെരുവുകളില്‍ സ്ഥാപിച്ച വലിയ സ്‌ക്രീനുകളിലും സംസ്‌കാരച്ചടങ്ങുകള്‍ തല്‍സമയം കാണിക്കും.

രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ യുകെയില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ട് മണിക്ക് ഒരു മിനിറ്റ് രാജ്യം മൗനാചരണം നടത്തും. വിന്‍ഡ്‌സര്‍ കൊട്ടാരത്തിലെയും വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെയും സംസ്‌കാര ചടങ്ങുകള്‍ക്കിടെ ശബ്ദശല്യം ഉണ്ടാകാതിരിക്കാന്‍ ഹീത്രോ വിമാനത്താവളത്തിലെ 100 വിമാനങ്ങള്‍ റദ്ദാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു തുടങ്ങി നൂറിലേറെ ലോകനേതാക്കള്‍ സംസ്‌കാരച്ചടങ്ങില്‍ സാക്ഷ്യം വഹിക്കും.

Related Articles

Post Your Comments

Back to top button