Latest NewsNewsTravelWorld

ശ്രീലങ്കയില്‍ ട്രെയിന്‍ സര്‍വീസ്; കോച്ചുകള്‍ ഇന്ത്യയില്‍ നിന്ന്

കൊളംബോ: ഇന്ത്യയില്‍ നിന്ന് വാങ്ങിയ ഡീസല്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് ശ്രീലങ്കയില്‍ റെയില്‍വേ സര്‍വീസ് ആരംഭിച്ചു. ദ്വീപ് രാഷ്ട്രത്തിന്റെ വികസനത്തിന് വേണ്ടിയുള്ള പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നും ഡീസല്‍ യൂണിറ്റുകള്‍ ശ്രീലങ്ക വാങ്ങിയത്. കൊളംബോ നഗരത്തെ കാങ്കസന്തുരൈയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയതായി ആരംഭിച്ച സര്‍വീസ്. ഞായറാഴ്ചയാണ് സര്‍വീസ് ആരംഭിച്ചത്.

തമിഴ് വംശജര്‍ താമസിക്കുന്ന ജാഫ്‌ന ഉപദ്വീപിന്റെ വടക്കേ അറ്റത്തുള്ള പ്രദേശമാണ് കാങ്കസന്തുരൈ. ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ വികസന പങ്കാളിത്തത്തിലെ സുപ്രധാന ചുവട് വയ്പ് കൂടിയാണ് ഇത്. ശ്രീലങ്കയുടെ അടിസ്ഥാന വികസനത്തിന് ഊര്‍ജം നല്‍കുന്നതാണ് ഇന്ത്യയുടെ നീക്കമെന്നാണ് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഇക്കാര്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ശ്രീലങ്കന്‍ ഗതാഗത മന്ത്രി പവിത്ര വണ്ണിയരച്ചിയും ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വിനോദ് കെ. ജേക്കബും ഞായറാഴ്ച നടന്ന ലോഞ്ചില്‍ പങ്കെടുത്തു. ഇന്ത്യ ശ്രീലങ്ക ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലെന്നാണ് ഗതാഗത മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. കോവിഡ് കാലത്തെ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായങ്ങള്‍ക്ക് ഏറെ കടപ്പെട്ടിരിക്കുന്നതായും പവിത്ര വണ്ണിയരച്ചി വ്യക്തമാക്കി.

Related Articles

Back to top button