ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് വിലക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
NewsKeralaLocal News

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് വിലക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്ക്. ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിലക്ക് ലംഘിച്ച് ശാഖയുടെ പ്രവര്‍ത്തനം തുടരുന്നുണ്ടെങ്കില്‍ നടപടി സ്വീകരിക്കാനാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം.

ആചാരങ്ങളും ചടങ്ങുകളും അല്ലാതെ മറ്റൊരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. ക്ഷേത്ര പരിസരത്ത് ആയുധ- കായിക പരിശീലനം അനുവദിക്കില്ല. ക്ഷേത്രത്തിലെ ചടങ്ങുമായി ബന്ധമില്ലാതെ പ്രവര്‍ത്തികള്‍ അനുവദിക്കില്ല. ക്ഷേത്രങ്ങളിലെ അകത്തോ പുറത്തോ യാതൊരു വിധത്തിലുള്ള കൊടിതോരണങ്ങളും അനുവദിക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ശാഖയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടോയെന്ന കാര്യം ദേവസ്വം ഉദ്യോഗസ്ഥരും ജീവനക്കാരും നിരീക്ഷിക്കുകയും, ഉണ്ടെങ്കില്‍ തടയുകയും വേണം. അല്ലാത്ത പക്ഷം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. വിലക്ക് ലംഘിച്ച് ശാഖ നടത്തുന്ന ആര്‍എസ്എസുകാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

2021 ഏപ്രിലിലും ക്ഷേത്രത്തില്‍ ശാഖകള്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇതിന് ദേവസ്വം ഉദ്യോഗസ്ഥര്‍ പ്രസക്തി കല്‍പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

Related Articles

Post Your Comments

Back to top button