CrimeKerala NewsLatest NewsNews

സംസ്ഥാനത്ത് വീണ്ടും ട്രഷറി കൊള്ള

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ട്രഷറി കൊള്ള. തട്ടിപ്പിന് നേതൃത്വം നല്‍കിയത് സിപിഎമ്മുകാരും കോണ്‍ഗ്രസുകാരനും. മരിച്ചുപോയ നിക്ഷേപകയുടെ നാല് സ്ഥിരനിക്ഷേപങ്ങള്‍ വ്യാജഅക്കൗണ്ട് ഉണ്ടാക്കി അതിലേക്ക് വകമാറ്റി തട്ടിയെടുത്ത സംഭവത്തില്‍ നാല് ജീവനക്കാരെ ട്രഷറി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ മൂന്ന് പേര്‍ സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയനില്‍പ്പെട്ടവരാണ്. ഒരാള്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകനുമാണ്.

ഓമല്ലൂര്‍ സ്വദേശിയായ നിക്ഷേപകയുടെ നിക്ഷേപത്തിലും പലിശയിലും നിന്നായി 8.13 ലക്ഷം രൂപയാണ് വിവിധ ട്രഷറികള്‍ വഴി തട്ടിയെടുത്തിരിക്കുന്നത്. വീഴ്ച വരുത്തിയതിന് കോന്നി സബ് ട്രഷറി ഓഫീസര്‍ രഞ്ജി കെ. ജോണ്‍, ജില്ല ട്രഷറിയിലെ ജൂനിയര്‍ സൂപ്രണ്ട് കെ.ജി. ദേവരാജന്‍, റാന്നി പെരുനാട് സബ്ട്രഷറിയിലെ ട്രഷറര്‍ സി.ടി. ഷഹീര്‍, ജില്ല ട്രഷറിയിലെ ജൂനിയര്‍ അക്കൗണ്ടന്റ് ആരോമല്‍ അശോകന്‍ എന്നിവരെയാണ് ട്രഷറി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ ഷഹീര്‍ എന്‍ജിഒ അസോസിയേഷന്റെയും ബാക്കി മൂന്നു പേരും എന്‍ജിഒ യൂണിയന്റെയും അംഗങ്ങളാണ്.

ആസൂത്രിതമായിട്ടാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഓമല്ലൂര്‍ സ്വദേശിനിയുടെ പേരില്‍ ജില്ല ട്രഷറിയില്‍ ഉണ്ടായിരുന്ന അക്കൗണ്ടില്‍ കിടന്ന പണമാണ് 79901010099099 എന്ന നമ്പരില്‍ വ്യാജ എസ്ബി അക്കൗണ്ട് ഉണ്ടാക്കി അതിലേക്ക് മാറ്റി തട്ടിയെടുത്തത്. ഈ അക്കൗണ്ട് നമ്പരില്‍ സംശയം തോന്നിയ ജില്ല ട്രഷറി ഓഫീസര്‍ ട്രഷറി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം ട്രഷറി ആസ്ഥാന കാര്യാലയ ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ല ട്രഷറിയില്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് ആസൂത്രിത തട്ടിപ്പ് കണ്ടെത്തിയത്. മരിച്ചുപോയ നിക്ഷേപകയുടെ പേരില്‍ നാല് സ്ഥിരനിക്ഷേപങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരെണ്ണം കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ക്ലോസ് ചെയ്തതും മറ്റ് മൂന്ന് സ്ഥിര നിക്ഷേപങ്ങളുടെ പലിശയിനത്തില്‍ ഉള്ള തുകയും വ്യാജമായി സൃഷ്ടിച്ച എസ്ബി അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്.

നിക്ഷേപകയുടെ പേരിലുള്ള ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്ത് അതിലെ നീക്കിയിരുപ്പ് തുകയും വ്യാജ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഈ അക്കൗണ്ടിലേക്ക് പല തവണയായി 8,13,468 രൂപ വകമാറ്റി. തുടര്‍ന്ന് ഏഴ് തവണകളായി വിവിധ ട്രഷറികളിലൂടെ 8.13 ലക്ഷം പിന്‍വലിക്കുകയും ചെയ്തതായി ട്രഷറി ഡയറക്ടര്‍ കണ്ടെത്തി. ക്രമവിരുദ്ധമായി വ്യാജ അക്കൗണ്ട് ആരംഭിച്ചതിലും അതിലേക്ക് പണം ക്രെഡിറ്റ് ചെയ്തതിലും പിന്‍വലിച്ചതിലും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാണ് നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ക്രമവിരുദ്ധ ഇടപാടുകള്‍ക്ക് സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button