സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് ആരോഗ്യമന്ത്രി, സമരം തുടരാന്‍ തീരുമാനിച്ച് സംഘടനകള്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഡോക്ടര്‍മാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരും പ്രഖ്യാപിച്ച സമരം തുടരും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിച്ചാണ് സമരം ചെയ്യുന്നത്.
കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ എടുത്ത സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നായിരുന്നു കെ.ജി.എം.സി.ടി.എയും നഴ്സുമാരുടെ സംഘടനകളും ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച ഡോക്ടര്‍മാരും നഴ്സുമാരും പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത്. രാത്രി സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തി. ഡോക്ടര്‍ക്കും രണ്ട് നഴ്സുമാര്‍ക്കുമെതിരായ സന്‍പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കെ.ജി.എം.സി.ടി.എ തിരുവനന്തപുരം ജില്ലാ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ രാവിലെ റിലേ സത്യാഗ്രഹം തുടങ്ങും. 48 മണിക്കൂറിനുള്ളില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ നോണ്‍ കോവിഡ് ചികിത്സ അവസാനിപ്പിക്കുമെന്നും കെ.ജി.എം.സി.ടി.എ അറിയിച്ചിട്ടുണ്ട്.