ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ / നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്ന പങ്കെടുക്കില്ലെന്ന് ഡോണാൾഡ് ട്രംപ്. ജനുവരി ഇരുപതിന് ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാൻ ഡോണാൾഡ് ട്രംപ് തീരുമാനിച്ച വിവരം ഭരണ കൈമാറ്റം സമാധാനപരമായിരിക്കും എന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ട്വിറ്ററിലൂടെ ട്രംപ് അറിയിക്കുകയായിരുന്നു.
‘ചോദിച്ച എല്ലാവരോടുമായി പറയുന്നു, ജനുവരി 20ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ഞാൻ പോകില്ല’ – ട്രംപ് ട്വിറ്ററിൽ കുറിച്ചു.
സമാധാനപരമായ അധികാര കൈമാറ്റത്തിന്റെ അടയാളമായി നടക്കുന്ന ഉദ്ഘാടനചടങ്ങിൽ നിന്ന് 1869ന് ശേഷം ഇത് ആദ്യമായാണ് ഒരു വിട്ടുനിൽക്കൽ. 1869ൽ അന്നത്തെ പ്രസിഡന്റ് ആൻഡ്രൂ ജോൺസൺ തന്റെ പിന്തുടർച്ചക്കാരന്റെ സത്യപ്രതിജ്ഞാചടങ്ങിൽ നിന്ന് വിട്ടു നിന്ന ശേഷമുള്ള ആദ്യത്തെ വിട്ടു നിൽക്കലാകും ട്രംപിലൂടെ ലോകം കാണുക.
കാപ്പിറ്റോൾ അക്രമ സംഭവത്തിന് പിറകെ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ രാജി നൽകി. വിദ്യാഭ്യാസ സെക്രട്ടറിയായ ബെറ്റ്സി ഡിവാസ്, ഗതാഗത സെക്രട്ടറി ഇലെയ്ൻ ചാവോ എന്നിവരാണ് വെള്ളിയാഴ്ച രാജി സമർപ്പിച്ചത്. ഇവരെ കൂടാതെ വൈറ്റ് ഹൗസ് മുൻ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് മിക് മുൾവാനെ, വൈറ്റ് ഹൗസിലെ സാമ്പത്തിക ഉപദേശക കൗൺസിൽ ആക്ടിംഗ് ചെയർമാൻ എന്നിവരും രാജി പ്രഖ്യാപനങ്ങൾ നടത്തി. കാപ്പിറ്റോൾ അക്രമത്തെ ട്രംപ് ഇതിനിടെ അപലപിക്കുകയുണ്ടായി. അക്രമകാരികൾ അമേരിക്കയെ പ്രതിനിധീകരിക്കുന്നില്ലെന്നും സമാധാനപരമായ അധികാരക്കൈമാറ്റം നടത്തുന്നതിനാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.