ജി 23യിലെ രണ്ട് പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു
NewsNationalPolitics

ജി 23യിലെ രണ്ട് പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി രണ്ട് പ്രമുഖ നേതാക്കള്‍ കൂടി പാര്‍ട്ടി വിടാനൊരുങ്ങുന്നതായി സൂചന. ജി 23യിലെ പ്രമുഖ നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശര്‍മയുമാണ് കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നത്. ആനന്ദ് ശര്‍മ ബിജെപിയില്‍ ചേക്കേറിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഗുലാം നബി ആസാദ് സ്വന്തം പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുകയാണ്.

ജനകീയമുഖമുള്ള നേതാക്കള്‍ ഒരോരുത്തരായി പുറത്ത് പോകുമ്പോഴും ഹൈക്കമാന്‍ഡ് സ്വീകരിക്കുന്ന അനങ്ങാപ്പാറ നയം സാധാരണ പ്രവര്‍ത്തകരെയടക്കം അത്ഭുതസ്തബ്ധരാക്കുകയാണ്. ലോക്‌സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃസ്ഥാനം പോലും അവകാശപ്പെടാനാവാത്ത അവസ്ഥയാണ്. രാജസ്ഥാനും ഛത്തിസ്ഗഡും ഒഴിച്ചാല്‍ വേറെ എവിടെയും ഭരണമില്ല. ഝാര്‍ഖണ്ഡില്‍ ജെഎംഎമ്മുമായി ചേര്‍ന്ന് മുന്നണി ഭരണമാണ്. തമിഴ്‌നാട്ടിലും സഖ്യകക്ഷിയായ ഡിഎംകെയോടൊപ്പമാണ്.

മഹാരാഷ്ട്രയില്‍ അധികാരത്തിലിരുന്ന മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണതോടെ കാര്യമായ ഭരണപ്രാതിനിധ്യം എവിടെയുമില്ല. ഈ അവസ്ഥ തുടരുകയാണെങ്കില്‍ രാജസ്ഥാനില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ തുടര്‍ഭരണത്തിന് യോഗ്യത നേടില്ല എന്ന കാര്യം കോണ്‍ഗ്രസുകാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും കൂടെ പാര്‍ട്ടി വിടുന്നതോടെ ഉത്തരേന്ത്യയിലെ ശക്തരായ കോണ്‍ഗ്രസ് മുഖങ്ങളെല്ലാം അപ്രത്യക്ഷമാകും. ബാക്കിയുള്ളത് അഭിഷേക് മനു സിംഗ്‌വി മാത്രമാണ്. അദ്ദേഹത്തെയും താമസിയാതെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത. കപില്‍ സിബല്‍ പുറത്ത് പോയതോടെ ജി 23യിലെ ബാക്കി നേതാക്കള്‍ക്കും പുറത്തേക്കുള്ള പാത വെട്ടിത്തുറന്നാണ് കിടക്കുന്നതെന്ന സൂചന ലഭിച്ചതായാണ് ഇവരോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്.

ഹിമാചലില്‍ അടുത്തുതന്നെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ആനന്ദ് ശര്‍മ ബിജെപിയിലെത്തിയാല്‍ കാര്യമായ പരിഗണന അടുത്ത തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നുറപ്പാണ്. അടുത്തിടെ അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ട്. അങ്ങിനെയാണെങ്കില്‍ കശ്മീര്‍ കേന്ദ്രമാക്കി പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് ഭരണത്തില്‍ പങ്കാളിയാവാനാണ് ഗുലാം നബി ആസാദിന്റെ ശ്രമം. ബിജെപി മുന്നണിയുമായി ചേര്‍ന്ന് കശ്മീര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ ആസാദ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Post Your Comments

Back to top button