
ഉദയ്പുര്‍: രാജ്യത്തെ നടുക്കിയ ഉദയ്പുര്‍ കൊലപാതകത്തിലെ പ്രതി തന്റെ ബൈക്കിന് 2611 എന്ന നമ്പര്‍ ലഭിക്കുന്നതിനായി അയ്യായിരം രൂപ അധികം നല്‍കിയെന്ന് കണ്ടെത്തല്‍. കനയ്യലാലിന്റെ അരുംകൊല നടത്തിയവര്‍ക്ക് പാക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് രാജസ്ഥാന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനുപുറമെയാണ് ഈ വെളിപ്പെടുത്തല്‍.
മുംബൈ തീവ്രവാദ ആക്രമണം നടന്നത് 2008 നവംബര്‍ 26നാണ്. അതിനാലാണ് ഈ നമ്പര്‍ പ്രതികളിലൊരാളായ റിയാസ് അഖ്താരി നിര്‍ബന്ധപൂര്‍വം സ്വന്തമാക്കിയതെന്നാണ് കരുതുന്നത്. ഈ ബൈക്കിലാണ് ഗോസ് മുഹമ്മദും റിയാസ് അഖ്താരിയും കനയ്യലാലിനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടത്. RJ27AS2611 എന്ന പേരിലുള്ള ബൈക്ക് ഇപ്പോള്‍ ഉദയ്പുരിലെ ധന്മണ്ഡി പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്.
2611 നമ്പറിനായി റിയാസ് മനപൂര്‍വം ചോദിച്ചുവെന്നും നമ്പര്‍ ലഭിക്കുന്നതിനായി അയ്യായിരം രൂപ അധികം നല്കിയതും അരുംകൊലയുടെ പിന്നിലെ പല നിര്‍ണായക ആസൂത്രണങ്ങളെ സംബന്ധിച്ച തെളിവുകളിലേക്കും അന്വേഷണ സംഘത്തിന് നയിച്ചിട്ടുണ്ട്. 2014ല്‍ റിയാസ് നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നതായി പാസ്പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. മൊബൈല്‍ ഡാറ്റ പരിശോധിച്ചപ്പോള്‍ പാക്കിസ്ഥാനിലേക്ക് കോളുകള്‍ വിളിച്ചതായും കണ്ടെത്തി.
ഗോസിനെയും റിയാസിനെയും ഉദയ്പൂരില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ രാജ്സ്മന്ദ് ജില്ലയിലെ പോലീസ് ബാരിക്കേഡില്‍ വച്ചാണ് പിടികൂടിയത്. ആര്‍ടിഒ രേഖകള്‍ പ്രകാരം റിയാസ് അഖ്താരി, 2013ല്‍ എച്ച്ഡിഎഫ്സി ബാങ്കില്‍ നിന്ന് വായ്പ എടുത്താണ് ബൈ്ക്ക് വാങ്ങിയത്. 2014 മാര്‍ച്ചില്‍ ബൈക്കിന്റെ ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചെങ്കിലും പുതുക്കിയിരുന്നില്ല. റിയാസും ഗോസും ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ചാവേര്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്ന ചില ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ പ്രതികള്‍ അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തലുണ്ട്. പ്രതിയായ ഗോസ് മുഹമ്മദിന്റെ പാക് സന്ദര്‍ശനം സംശയകരമെന്നാണ് പോലീസ് പറയുന്നത്. കേസില്‍ ആകെ ഏഴ് പേര് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തെ കുറിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തില്‍ പ്രതികള്‍ക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതല്‍ തെളിവ് കണ്ടെത്താനാണ് രാജസ്ഥാന് പോലീസും എന്‍ഐഎയും ശ്രമിക്കുന്നത്.
Post Your Comments