അടിയന്തരയോഗം വിളിച്ചു താക്കറെ; ഫട്‌നാവിസ് ഡല്‍ഹിക്ക് തിരിച്ചു, ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് വിമതര്‍
NewsNational

അടിയന്തരയോഗം വിളിച്ചു താക്കറെ; ഫട്‌നാവിസ് ഡല്‍ഹിക്ക് തിരിച്ചു, ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് വിമതര്‍

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഡല്‍ഹിക്ക് തിരിച്ചു. അട്ടിമറിക്കു പിന്നില്‍ ബിജെപിയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഫട്‌നാവിസിന്റെ ഡല്‍ഹി യാത്ര. വിമത എംഎല്‍എമാര്‍ 24 മണിക്കൂറിനകം തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസുമായും എന്‍സിപിയുമായുള്ള മഹാ വികാസ് അഘാഡി സഖ്യം(എംവിഎ) വിടുന്നത് പരിഗണിക്കാമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. എംഎല്‍എമാര്‍ വിഷയം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുവാഹത്തിയില്‍ തുടരുന്ന ഏക്‌നാഥ് ഷിന്‍ഡെയുടെ പക്ഷത്തിനൊപ്പം കൂടുതല്‍ എംഎല്‍എമാര്‍ ചേരുന്നതിനിടെ ഉദ്ധവ് താക്കറെ അടിയന്തരയോഗം വിളിച്ചു. പാര്‍ട്ടി യോഗങ്ങള്‍ക്കുശേഷം തങ്ങള്‍ താക്കറെക്കൊപ്പമെന്ന് കോണ്‍ഗ്രസും ശരദ് പവാറിന്റെ എന്‍സിപിയും നിലപാടെടുത്തു. ‘ഞങ്ങള്‍ ഒരുമിച്ച് പോരാടും. എംവിഎ സഖ്യം ഒരുമിച്ച് തുടരും.’-മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ശിവസേന എംവിഎ സഖ്യം ഉപേക്ഷിക്കണമെന്ന് 41 ഓളം എംഎല്‍എമാര്‍ ഒപ്പമുള്ള ഷിന്‍ഡെ ആവശ്യപ്പെട്ടു. സഖ്യഭരണത്തിന് കീഴില്‍ രണ്ടരവര്‍ഷംകൊണ്ട് സേനാ നേതാക്കള്‍ ഒരുപാട് അനുഭവിച്ചെന്നും പറയുന്നു.

താക്കറെ തങ്ങള്‍ക്ക് മുന്‍പില്‍ വാതില്‍ അടച്ചെന്ന് വിമതര്‍ കുറ്റപ്പെടുത്തി. ‘കഴിഞ്ഞ രണ്ടരവര്‍ഷമായി മുഖ്യമന്ത്രിയുടെ വീട്ടില്‍ ഞങ്ങള്‍ക്ക് പ്രവേശനമില്ല’-വിമതരില്‍ ഒരാളായ സഞ്ജയ് ഷിര്‍സത് എഴുതി. ഷിന്‍ഡെയ്ക്ക് ഒപ്പം ചേരാന്‍ രണ്ട് എംഎല്‍എമാര്‍കൂടി ഗുവാഹത്തിയിലെത്തിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഉദ്ധവ് താക്കറെ രാജിവയ്ക്കുകയല്ല ആവശ്യമെന്ന് ഏറ്റവുമൊടുവില്‍ വിമതര്‍ക്കൊപ്പമെത്തിയ ദീപക് കേസര്‍കര്‍ പറഞ്ഞു. ‘പകരം ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടണം. സ്വാഭാവിക സഖ്യകക്ഷിയുമായി പുതിയ സര്‍ക്കാര്‍ രൂപീകരിക്കണം’- അദ്ദേഹം പറയുന്നു.

Related Articles

Post Your Comments

Back to top button