
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയേറ്റ് വളഞ്ഞ് സമരം ചെയ്ത പ്രതിപക്ഷത്തിന്, രണ്ടാം വാര്‍ഷികാഘോഷ വേദിയില്‍ രൂക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി. രാഷ്ട്രീയ വിമര്‍ശനവുമായി പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി, കേരളത്തില്‍ യുഡിഎഫ് അധികാരത്തിലിരുന്നത് ദുരന്തമാണെന്ന് വിമര്‍ശിച്ചു. എല്ലാ മേഖലയിലും യുഡിഎഫ് കാലത്ത് കേരളം പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും ഒരേപോലെ സംസ്ഥാന സര്‍ക്കാരിനെ എതിര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ആക്ഷേപങ്ങള്‍ ഉന്നയിക്കാനാണ് ഇന്ന് സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ് സമരം ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെതിരെ നുണകള്‍ പടച്ചുവിടുക, പല ആവര്‍ത്തി പ്രചരിപ്പിക്കുക അതാണ് യുഡിഎഫ് നടത്തുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
പ്രതിപക്ഷത്തിന്റെ ഈ ശ്രമത്തിന് വലതുപക്ഷ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇതാണ് ഇതുവരെ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രത്യേക രീതിയില്‍ ഉപയോഗിക്കുന്ന നെറികേടാണ് ആണ് ബിജെപി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതുപക്ഷം അധികാരത്തില്‍ വന്ന 2016 ന് മുന്‍പുള്ള കേരളം നിരാശ ബാധിച്ച അവസ്ഥയില്‍ ആയിരുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയായിരുന്നു. എല്ലാമേഖലയിലും സര്‍ക്കാര്‍ പുറകോട്ട് പോയി. ഈ സാഹചര്യം യുഡിഎഫാണ് സൃഷ്ടിച്ചത്. ആ യുഡിഎഫാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ ദുരന്തം ആണെന്ന് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ ഇരിക്കുന്നതായിരുന്നു ദുരന്തം. അത് ജനങ്ങള്‍ തന്നെ മാറ്റിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പെന്‍ഷന്‍ കുടിശിക തീര്‍ക്കുക മാത്രമല്ല, വര്‍ധിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ ആണ് ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാരെന്നും വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റാര് ചെയ്താലും മുഖം നോക്കാതെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ട്. പദ്ധതികളുമായി ബന്ധപ്പെട്ട് ടെണ്ടര്‍ നടപടികളില്‍ ഏറ്റവും കുറഞ്ഞ തുക നല്‍കുന്നവരുമായാണ് കരാര്‍ ഒപ്പിടുന്നത്. അങ്ങനെയല്ലെന്ന് ആരെങ്കിലും പരാതി പറഞ്ഞോ? കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ശക്തികള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. നിങ്ങളുടെ വിശ്വാസ്യതയാണ് തകരുന്നത്. പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യമായ പണം സംസ്ഥാന സര്‍ക്കാരിന്റെ കൈവശമില്ലെന്നത് ശരിയായ കാര്യമാണ്. അതിനാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments