ജനരോഷക്കൊടുങ്കാറ്റില്‍ കരിയില പോലെ യുഡിഎഫ് പറന്നുപോകും: മുഖ്യമന്ത്രി
NewsPolitics

ജനരോഷക്കൊടുങ്കാറ്റില്‍ കരിയില പോലെ യുഡിഎഫ് പറന്നുപോകും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വഴി ഒന്നൊന്നായി കേന്ദ്രം മുടക്കിയപ്പോള്‍ ഇവിടെനിന്നു ലോകസഭയ്ക്കു പോയ 18 യുഡിഎഫ് എംപിമാര്‍ എന്താണു ചെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ചോദ്യം മുന്‍നിര്‍ത്തി യുഡിഎഫിനെ കേരളജനത കുറ്റവിചാരണ ചെയ്യാന്‍ പോവുന്ന ഘട്ടമാണു വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ തങ്ങളെ ചിലതു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ജയിച്ചുപോയവര്‍ ചെയ്ത കാര്യങ്ങള്‍ ഓരോന്നും മുന്‍നിര്‍ത്തി ജനങ്ങള്‍ ചോദ്യങ്ങളുയര്‍ത്തും. ഓരോന്നിനും ഉത്തരം പറയിക്കും. ആ ജനരോഷക്കൊടുങ്കാറ്റില്‍ കരിയില പോലെ യുഡിഎഫ് പറന്നുപോകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

കേരളത്തില്‍നിന്നുള്ള ഭൂരിപക്ഷം എംപിമാരും വികസനം മുടക്കാന്‍ വേണ്ടി നിലകൊള്ളുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം വികസന പദ്ധതികള്‍ മുന്നോട്ടുവച്ചാല്‍ പാര്‍ലമെന്റില്‍ അതിനുവേണ്ടിയല്ല, അതു മുടക്കാന്‍വേണ്ടി ശബ്ദമുയര്‍ത്താന്‍ മാത്രമാണു കേരളത്തില്‍നിന്നുള്ള ഭൂരിപക്ഷം എംപിമാരും നില്‍ക്കുന്നത്. ഇതു കേരളത്തിന്റെ ദൗര്‍ഭാഗ്യമാണ്. ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിനു വേണ്ടി കേന്ദ്രത്തില്‍ വാദിക്കാന്‍ യുഡിഎഫിന്റെ 18 പ്രതിനിധികള്‍ തയാറല്ല. കേരളത്തിന് എന്തെങ്കിലും കിട്ടുമെങ്കില്‍ അതു മുടക്കുന്നതിലാണ് യുഡിഎഫിനു താല്‍പര്യം.

മുടക്കു നിവേദനങ്ങളുമായി എത്തുന്ന കോണ്‍ഗ്രസും, മുടക്കു നിവേദനങ്ങള്‍ സ്വീകരിച്ച് അംഗീകരിക്കുന്ന കേന്ദ്ര ബിജെപി ഭരണവും തമ്മിലാണ് അവിശുദ്ധ ബന്ധമുള്ളത്. കോ-ലീ-ബി സഖ്യത്തിന് പഴയകാലം മുതല്‍ക്കുള്ള ചരിത്രം തന്നെ സ്വന്തമായുണ്ട്. അതു മറയ്ക്കാന്‍ നിങ്ങളുടെ ചെയ്തികളെ ഞങ്ങളുടെ തലയില്‍ വച്ചുകെട്ടാമെന്നു കരുതേണ്ട. യുഡിഎഫ് കേരളവിരുദ്ധമായി ചെയ്യുന്നതിനൊക്കെ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ജനം എണ്ണിയെണ്ണി മറുപടി പറയിക്കും. യുഡിഎഫിനെ തിരഞ്ഞെടുത്തയച്ചു എന്ന കുറ്റത്തിന് എന്തിനിങ്ങനെ കേരളത്തെ ശിക്ഷിച്ചു എന്ന ചോദ്യം മുന്‍നിര്‍ത്തി നിങ്ങളെ കേരളജനത വിചാരണ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് ഘടകകക്ഷിയായ മുസ്‌ലിം ലീഗ് ഉടന്‍ മുന്നണി വിട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിങ്ങളുടെ മുന്നണിയിലെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ തന്നെ തീര്‍ത്തോളൂ. അതിനിടയില്‍ ഇടതുമുന്നണിയെ പള്ളുപറയുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

Related Articles

Post Your Comments

Back to top button