
തിരുവനന്തപുരം: വയനാട്ടിലെ മേപ്പാടി പോളി ടെക്നിക് കോളേജില്‍ യൂണിയന് തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും വിദ്യാര്‍ത്ഥിയുമായ അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അപർണ ഗൗരിയെ ആക്രമിച്ചത് യുഡിഎസ്എഫ് പ്രവർത്തകരാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി സംഘത്തിന് എതിരായ നിലപാടാണ് അപർണ ഗൗരിയെ ആക്രമിക്കാൻ കാരണം. സംഭവത്തിൽ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമവിരുദ്ധമായി മയക്കുമരുന്ന് എത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഒ ആര് കേളു എംഎല്‍എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അപര്‍ണ്ണ ഗൗരി നേരത്തെ കോളേജിലെ ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പെണ്‍കുട്ടിയാണ്. തെരഞ്ഞെടുപ്പ് ദിവസത്തില്‍ കരുതിക്കൂട്ടിയുള്ള ചില പ്രശ്നങ്ങള്‍ നടന്നപ്പോള്‍ അതിനെതിരെ നിലപാടെടുത്ത അപര്‍ണ്ണയെ 30 ഓളം വരുന്ന യുഡിഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥിസംഘം അസഭ്യം പറയുകയും ഹീനമായി മര്‍ദ്ദിക്കുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വസ്ത്രം വലിച്ചുകീറുകയും കഴുത്ത് ഞെരിക്കുകയും, തല ചുമരിലിടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു. ആ പെണ്‍കുട്ടിക്കെതിരെ സംഘം ചേര്‍ന്ന് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്. അപര്‍ണ്ണ ഗൗരി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments