മുല്ലപ്പെരിയാര്‍ തകർന്നാൽ 35 ലക്ഷം പേർ അപകടത്തിലാകുമെന്ന് യു.എന്‍ റിപ്പോർട്ട്,അണക്കെട്ട് ഭൂകമ്പസാധ്യതാ പ്രദേശത്ത്.

ന്യൂയോർക്ക് / നൂറിലധികം വർഷം പഴക്കമുള്ള കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ട് ഭൂകമ്പസാധ്യതാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ പ്രശ്നങ്ങളുള്ള അണക്കെട്ട് തകർന്നാൽ 35 ലക്ഷം പേർ അപകടത്തിലാകുമെന്നും ഐക്യരാഷ്ട്ര സഭയുടെ(യു.എന്‍) റിപ്പോർട്ട്. കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാമടക്കം രാജ്യത്ത് ആയിരത്തിലധികം അണക്കെട്ടുകൾ ഭീഷണിയായി ഉയർന്നു വരുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ(യു.എന്‍) റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. 2025ഓടെ ഇന്ത്യയിലെ ആയിരത്തിലധികം ഡാമുകൾ ലോകത്തിന് തന്നെ ഭീഷണിയാകുമെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 50 വയസിൽ ഒരു വലിയ കോൺക്രീറ്റ് ഡാം “പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങും” എന്നും റിപ്പോർട്ട് പറഞ്ഞിരിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ കനേഡിയൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് സമാഹരിച്ച ‘ഏജിംഗ് വാട്ടർ ഇൻഫ്രാസ്ട്രക്ചർ, എമർജിംഗ് ഗ്ലോബൽ റിസ്ക്’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട്, ലോകമെമ്പാടുമുള്ള 58,700 വലിയ ഡാമുകളിൽ ഭൂരിഭാഗവും 1930 നും 1970 നും ഇടയിൽ നിർമ്മിച്ചതാണെന്നും 50 മുതൽ 100 വർഷം വരെ പഴക്കമുള്ളവയാണെന്നും പറഞ്ഞിരുന്നു. 2025 എത്തുന്നതോടെ 50 വർഷം പഴക്കമെത്തുന്ന 1115ലേറെ വലിയ അണക്കെട്ടുകൾ ഇന്ത്യയിലുണ്ട്. 2050ഓടെ ഇത് 4250 എണ്ണമാവും. ഇരുപതാം നൂറ്റാണ്ടിലെപ്പോലെ മറ്റൊരു ‘അണക്കെട്ട് നിർമാണവിപ്ലവം’ ലോകത്ത് ഇനി ഉണ്ടാവാന്‍ സാധ്യതയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അണക്കെട്ട് തകരാറിലാകുന്ന കേസുകളിൽ, അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൽ വർധിക്കുന്നതും അറ്റകുറ്റപ്പണികളുടെയും ചെലവ് ക്രമേണ വർദ്ധിക്കുന്നതും, ജലസംഭരണിയിലെ അവശിഷ്ടങ്ങൾ വർദ്ധിക്കുന്നതും, അണക്കെട്ടിന്റെ പ്രവർത്തനവും ഫലപ്രാപ്തിയും നഷ്ടപ്പെടൽ എന്നിവ ഉൾപ്പെടുന്നു. വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ് 50 വര്‍ഷമാണെന്ന് കണക്കാക്കിയാണ് യു.എൻ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യു.എൻ സർവകലാശാലയുടെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ്’ ആൻഡ് ഹെൽത്തിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.