സിനിമ തിയറ്ററുകള്‍ തുറക്കാന്‍ അനിശ്ചിതത്വം തുടരുന്നു, വിജയ്‌യുടെ തമിഴ് ചിത്രം മാസ്റ്റേഴ്‌സാകും ആദ്യ ചിത്രം.

തിരുവനന്തപുരം/ സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നൽകിയെങ്കിലും പ്രദര്‍ശനം തുടങ്ങുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. പ്രദര്‍ശനം പുനഃരാരംഭിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ തിയറ്ററുടമകള്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ഫിയോക്, ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എന്നീ മൂന്ന് സംഘടനകളുടെ പ്രതിനിധികളും എടുക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ചർച്ച നടത്തും.
ഇളവുകള്‍ ലഭിക്കാതെ പ്രദര്‍ശനം ആരംഭിക്കേണ്ടെന്നാണ് ഭൂരിഭാഗം തിയറ്റര്‍ ഉടമകളുടെയും നിലപാട്. ചലച്ചിത്ര മേഖലക്ക് സഹായ പാക്കേജ്, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് – വിനോദ നികുതി എന്നിവ ഒഴിവാക്കല്‍ തുടങ്ങിയ ആവശ്യങ്ങളില്‍ ഉള്ള സർക്കാർ തീരുമാണ് സംഘടനകൾ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച ഫിലിം ചേംബറും യോഗം ചേരുന്നുണ്ട്. 13-ാം തീയതി റിലീസ് ചെയ്യുന്ന വിജയ്‌യുടെ തമിഴ് ചിത്രം മാസ്റ്റേഴ്‌സാകും കേരളത്തില്‍ തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന ചിത്രം എന്നാണു വിവരം. അതേസമയം, സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ 22 ഇന മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ മാത്രമേ തീയറ്ററുകളില്‍ ആളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഈ സമയത്തിനുള്ളിൽ പ്രദര്ശനം അവസാനിപ്പിക്കണം. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമേ ആളുകളെ ഇരുത്താന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. തിയേറ്ററുകളിലെത്തുന്നവര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. മള്‍ട്ടിപ്ലക്സുകളില്‍ ഓരോ ഹാളിലും പ്രദര്‍ശനം വ്യത്യസ്തസമയമാക്കി ആളുകളുടെ തിരക്ക് കുറയ്ക്കണം എന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്.