CrimeDeathKerala NewsLatest NewsNews

ഉത്ര വധക്കേസ്: സൂരജിന് ഇരട്ട ജീവപര്യന്തം

കൊച്ചി: കേരളക്കരയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് വിചാരണ കോടതി. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി പറഞ്ഞു. 2020 മെയ് ഏഴിനാണ് ഉത്ര പാമ്പ് കടിയേറ്റ് മരിച്ചത്. ഉത്രയുടെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നു.

പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെയാണ് 25കാരിയായ ഉത്ര മരിച്ചത്. വധശിക്ഷയില്‍ കുറഞ്ഞൊന്നും കേരളത്തിലെ ജനങ്ങള്‍ ഈ ക്രൂരമായ കൊലപാതകത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ കൊലക്കയര്‍ ഒഴിവാക്കി 45 വര്‍ഷം ജയിലില്‍ അയയ്ക്കാനാണ് ജഡ്ജി വിധിച്ചത്. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചതിനു ശേഷം മാത്രമേ ജീവപര്യന്തം ആരംഭിക്കുകയുള്ളൂ. ഇതിലൂടെ വധശിക്ഷ ഇല്ലാതെ തന്നെ ജീവിതാവസാനം വരെ സൂരജിനെ അഴിക്കുള്ളില്‍ ആക്കുകയാണ് ഫലത്തില്‍ കോടതി. മേല്‍കോടതിയിലെ അപ്പീലുകള്‍ തള്ളപ്പെട്ടാല്‍ സൂരജിന് 45 കൊല്ലം ജയിലില്‍ കിടക്കേണ്ടി വരും. സര്‍ക്കാരിന്റെ ഇളവുകളെത്തിയാല്‍ മാത്രമേ ഈ ജയില്‍വാസത്തിന് കുറവു വരൂ.

എന്നാല്‍ ഉത്രയുടെ അമ്മ ഈ വിധിയില്‍ തൃപ്തയല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. കേരള പോലീസും വധശിക്ഷയില്‍ കുറഞ്ഞൊന്നും ഈ കുറ്റത്തിന് പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ ഈ കേസുമായി ബന്ധപ്പെട്ട് മേല്‍ക്കോടതിയിലേക്ക് ഉത്രയുടെ വീട്ടുകാര്‍ക്കൊപ്പം പോലീസും അപ്പീലുമായി പോകുമെന്നുതന്നെയാണ് സൂചനകള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും സൂരജിന് വധശിക്ഷ വിധിക്കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ശാസ്ത്രീയതെളിവുകളോടെ കുറ്റമറ്റ അന്വേഷണവും പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളുമാണ് ഉത്ര കേസിനെ ബലപ്പെടുത്തിയത്. ഉത്രയ്ക്കു 2020 മെയ് ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മൂന്നാമത്തെ ശ്രമത്തിലാണ് ഉത്ര മരിച്ചത്. 2020 മാര്‍ച്ച് രണ്ടിന് അണലിയെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്നു കടിയേറ്റു മൂന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. 56 ദിവസം ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചല്‍ ഏറത്തെ വീട്ടില്‍ കഴിയുമ്പോഴാണു മൂര്‍ഖന്റെ കടിയേറ്റത്. ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 29നു ആയിരുന്നു. കോവണിപ്പടിയില്‍ പാമ്പിനെ ഇട്ടെങ്കിലും അന്നു ഉത്രയെ കടിച്ചില്ല. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കല്‍ ചാവരുകാവ് സ്വദേശി സുരേഷില്‍ നിന്നാണു സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത്.

ഉത്ര മരിച്ചതിനു തൊട്ടുപിന്നാലെ സൂരജ് സ്വത്തിലും കുഞ്ഞിലും അവകാശം ആവശ്യപ്പെട്ട് വഴക്കിട്ടതോടെ കുടുംബാംഗങ്ങള്‍ക്കു സംശയമുണ്ടാകുകയായിരുന്നു. പാമ്പിനെ കൊണ്ട് കൊല്ലുന്നത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ്. ഈ വസ്തുത കോടതി അംഗീകരിച്ചു. പക്ഷേ സൂരജിന് ചില പരിഗണനകളും കൊടുത്തു. പ്രതിയുടെ പ്രായവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

മേല്‍ കോടതിയില്‍ പോയാല്‍ അപ്പീലിലൂടെ വധശിക്ഷയില്‍ സൂരജിന് ഇളവു കിട്ടാന്‍ സാധ്യതയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് നാല് കുറ്റങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ശിക്ഷ വിധിച്ചതും ഇരട്ട ജീവപര്യന്തം നല്‍കിയതും. ഇതോടെ ഫലത്തില്‍ അര്‍ഹിച്ച ശിക്ഷയാണ് സൂരജിന് കിട്ടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button